സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് കൂനിന്മേല് കുരുവെന്ന കണക്കെ ബസ് ചാര്‍ജ് വര്‍ദ്ധനയും. ചാര്‍ജ് വര്‍ധന നാളെ മുതലാണ് പ്രബല്യത്തില്‍ വരുക. സ്വകാര്യ ബസ്സുകളുടെ മിനിമം ചാര്‍ജ് എട്ട് രൂപ ആയിരിക്കും. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയായി തുടരും. മിനിമം ചാര്‍ജിനു ശേഷമുളള നിരക്കില്‍ വര്‍ദ്ധനയുടെ ഇരുപത്തിയഞ്ച് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും കൂടും. ഇങ്ങനെ വര്‍ദ്ധിപ്പിക്കുമ്പോള്‍ അമ്പത് പൈസ വരെയുളള വര്‍ദ്ധന ഒഴിവാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 40 കിലോമീറ്റര്‍ വരെയുളള യാത്രയ്ക്ക് പുതുക്കിയ നിരക്കില്‍ ഒരു രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്.
ജന്‍ റം ലോഫ്ളോര്‍ എസി, നോണ്‍ എസി, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, മള്‍ട്ടിആക്സില്‍ സ്കാനിയ, വോള്‍വോ ബസുകളുടെ നിരക്കിലും നാളെ മുതല്‍ വര്‍ദ്ധനവുണ്ടാകും.ലോഫ്ളോര്‍ എസി ബസുകളുടെ മിനിമം നിരക്ക് 15 രൂപയില്‍നിന്ന് 20 ആകും. 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനു സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 രൂപ നല്‍കേണ്ടിവരും. ഇത്തരം ബസുകളുടെ കിലോമീറ്റര്‍ നിരക്കില്‍ വര്‍ധനയില്ല. ജന്റം ലോഫ്ളോര്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്കു 10 രൂപയാക്കി. മിനിമം നിരക്കില്‍ അഞ്ചു കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 80 ആകും. നിലവില്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയായിരുന്നു.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മള്‍ട്ടിആക്സില്‍ സ്കാനിയ, വോള്‍വോ ബസുകളുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. സൂപ്പര്‍ എയര്‍ എക്സ്പ്രസ് ബസിന്റെ മിനിമം നിരക്ക് 25ല്‍ നിന്ന് 28 രൂപയാക്കി. മിനിമം നിരക്കില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 85 പൈസയില്‍നിന്നു 93 പൈസയാകും. എല്ലാ നിരക്കുകളും നാളെയാണു നിലവില്‍ വരുന്നത്.