Home app

മോദിയുടെ യാത്രാച്ചെലവിന്റെ കണക്ക് വ്യക്തമാക്കണം: കേന്ദ്ര വിവരാവകാശ കമ്മീഷന്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി എയര്‍ ഇന്ത്യക്ക് ചിലവായ രൂപയുടെ കണക്ക് വ്യക്തമാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം. 2014 മുതല്‍ 2017വരെയുള്ള കാലയളവില്‍ മോദി എയര്‍ ഇന്ത്യ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് നടത്തിയ യാത്രകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്. കമ്മഡോര്‍ ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് നിര്‍ദ്ദേശം.

വിവരങ്ങള്‍ നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് വിവരാവകാശ കമ്മീഷന്‍ തള്ളി. പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ വിവിധ ഇടങ്ങളില്‍ വ്യത്യസ്ത ഫയലുകളിലായതിനാല്‍ ഇവ കണ്ടെത്തി മറുപടി നല്‍കുന്നതിന് വളരെയധികം മനുഷ്യാധ്വാനം വേണ്ടിവരുമെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

എയര്‍ ഇന്ത്യയ്ക്ക് നല്‍കേണ്ട തുക ഇനിയും നല്‍കാന്‍ ബാക്കിയുണ്ടെന്നും യാത്രകളുടെ ബില്ലുകള്‍ തങ്ങളുടെ കൈവശമില്ലന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെയും അപേക്ഷകനായ ലോകേഷ് ബത്രയുടെയും വാദങ്ങള്‍ കേട്ട ശേഷമാണ് കമ്മീഷന്‍ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top