കൊച്ചി: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കൃത്യം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് കോടതി ചോദിച്ചു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ബി.കെമാല്‍പാഷയാണ് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
തന്റെ മുന്പിലിരിക്കുന്നത് ഒരു മനുഷ്യനെ വെട്ടിനുറുക്കിയതിന്റെ ചിത്രങ്ങളാണെന്നും ഇത് സര്‍ക്കാര്‍ കാണുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. പോലീസില്‍ ചാരന്മാരുണ്ടെന്ന് കണ്ണൂര്‍ എസ്പി തന്നെ പറയുന്ന സാഹചര്യം സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി. സിബിഐയുടെയും സര്‍ക്കാരിന്റെയും വിശദീകരണം കേള്‍ക്കാന്‍ ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ശുഹൈബിന്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.