Home app

പെന്‍ഷന്‍ വിതരണമെന്ന പേരില്‍ നടന്നത് വെറും ആഘോഷം മാത്രം ; സഹകരണ ബാങ്കുകള്‍ വഴിയുള്ള വിതരണം തുടങ്ങിയില്ല

കൊച്ചി ; പെന്‍ഷന്‍ മുടക്കിയ സര്‍ക്കാര്‍ തന്നെ ഇത്രയും കൊട്ടിഘോഷിച്ച് പെന്‍ഷന്‍ വിതരണം പുനസ്ഥാപിച്ചത് ആഘോഷിക്കേണമോ എന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് ചൊവ്വാഴ്ച പിണറായി സര്‍ക്കാറിന്റെ കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണ പരിപാടി നടന്നത്. പെന്‍ഷന്‍ മുടങ്ങിയത് കാരണം ആത്മഹത്യകള്‍ വരെ ഉണ്ടായ സാഹചര്യത്തില്‍ ഏറെ വിമര്‍ശനങ്ങളാണ് സര്‍ക്കാറിന് നേരിടേണ്ടി വന്നത്. സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണോത്ഘാടനമാണ് തിരുവനന്തപുരത്ത് നടന്നത്. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ കുടിശിക കിട്ടിയവര്‍ക്കൊഴികെ മറ്റാര്‍ക്കും പെന്‍ഷന്‍ ലഭിച്ചിട്ടില്ല എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍. സഹകരണബാങ്കുകള്‍ വഴിയുള്ള കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം ഇതുവരെ തുടങ്ങാനായിട്ടില്ല.

സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയ പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാന സഹകരണബാങ്കിന് കൈമാറാനുള്ള നടപടികള്‍ നടന്നു. ചൊവ്വാഴ്ച ആദ്യപട്ടിക കൈമാറി. വിവിധ യൂണിറ്റുകളില്‍ നിന്നും കമ്പ്യൂട്ടര്‍ സംവിധാനത്തിലുടെ ശേഖരിച്ച പട്ടിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് സഹകരണ ബാങ്കിന് കൈമാറുന്നത്. പെന്‍ഷന്‍കാരുടെ അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ പുതിയ അക്കൗണ്ട് സംബന്ധി്ച്ച വിവരങ്ങളാണ് ഉള്‍ക്കൊള്ളിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഉള്‍പ്പെടെ ഏഴുജില്ലകളുടെ പട്ടിക കൈമാറിയതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. കണ്‍സോര്‍ഷ്യത്തിന്റെ ലീഡ് ബാങ്കായ സംസ്ഥാന സഹകരണ ബാങ്ക് ഈ പട്ടിക വിവിധ സംഘങ്ങള്‍ക്ക് കൈമാറും. ഇതിന് ശേഷമേ പെന്‍ഷന്‍ വിതരണം നടക്കുകയുള്ളൂ. 25 ശതമാനം പേരുടെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കൂടാതെ എ.ടി.എം സൗകര്യമില്ലാത്ത സഹകരണ ബാങ്കുകളില്‍ നിന്ന് പണമെടുക്കാന്‍ പെന്‍ഷന്‍കാര്‍ക്ക് ശാഖകളില്‍ പ്രവര്‍ത്തിസമയത്ത് നേരിട്ട് എത്തേണ്ടിവരും. അക്കൗണ്ട് തുടങ്ങുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ശാരീരിക അവശതകളുള്ളവര്‍ക്ക് അക്കൗണ്ട് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. പല ശാഖകളിലും അക്കൗണ്ട് തുടങ്ങാന്‍ മിനിമം ബാലന്‍സ് തുകയായി 250 രൂപവരെ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ മാസം 28നു മുമ്പ് തന്നെ എല്ലാവര്‍ക്കും പെന്‍ഷന്‍ കുടിശിക നല്‍കുമെന്നാണ് സഹകരണ വകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top