Home app

ചെങ്കൊടിപ്പൂരത്തിനൊരുങ്ങി തൃശൂര്‍

തൃശൂര്‍: വിമര്‍ശനവും സ്വയം വിമര്‍ശനവുമാണ് സിപിഐഎമ്മിന്റെ ഓരോ സമ്മേളനങ്ങളുടേയും കാതല്‍. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും സ്വയം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനും തയ്യാറായാണ് ഓരോ പ്രതിനിധിയും ഒപ്പം നേതൃത്വവും സമ്മേളനത്തിനെത്തുന്നത്. വിമര്‍ശനങ്ങളില്‍ നിന്ന് കൂടുതല്‍ കരുത്തുള്‍ക്കൊണ്ട് വീണ്ടും മുന്നോട്ട് കുതിക്കാന്‍. എന്നാല്‍ ഇക്കുറി സിപിഐഎം 22ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ അരങ്ങൊരുങ്ങുമ്പോള്‍ നേതൃത്വം ആശങ്കയിലും അങ്കലാപ്പിലുമാണ്.

ചരിത്രത്തിലിന്നോളം നേരിടേണ്ടി വന്നിട്ടില്ലാത്ത വലിയ നാണക്കേടിലും പ്രതിസന്ധിയിലുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരിട്ട് ബന്ധമില്ലെങ്കില്‍ പോലും മക്കളുടെ ബിസിനസും സാമ്പത്തിക ഇടപാടുകളും മൂലമുണ്ടായ വിവാദങ്ങള്‍ കോടിയേരിയുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്കും പൊതു സമ്മതിക്കും അല്‍പ്പമെങ്കിലും കോട്ടമുണ്ടാക്കിയിട്ടുണ്ട്. സമ്മേളനത്തില്‍ വലിയവനും ചെറിയവനുമില്ല, പ്രതിനിധികള്‍ മാത്രം. നേതാക്കളോട് സ്‌നേഹവും ബഹുമാനവും ഭവ്യതയുമൊക്കെ ആവശ്യത്തിനുണ്ടാകുമെങ്കിലും സമ്മേളനങ്ങള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ അടക്കം മുന്നിലിരുത്തി പേരെടുത്ത് വിമര്‍ശിക്കാനുള്ള സ്വാതന്ത്യവും അവകാശവും ഉറപ്പുനല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ വിഷയം സമ്മേളനത്തില്‍ രൂക്ഷമായി ചര്‍ച്ച ചെയ്യപ്പെടുമെന്നതില്‍ തര്‍ക്കമില്ല. എന്നിരുന്നാലും കോടിയേരി ബാലകൃഷ്ണന്‍ ഒരു വട്ടം കൂടി സംസ്ഥാന സെക്രട്ടറിയായി തുടരാന്‍ തന്നെയാണ് സാധ്യത.

മറ്റൊരു പ്രത്യേകത പിണറായി വിജയന്‍ പാര്‍ട്ടിക്കകത്തും ഭരണതലത്തിലും ഒരുപോലെ കരുത്താര്‍ജ്ജിക്കുന്നു എന്നതാണ്. ഇച്ഛാശക്തിയുള്ള ഭരണാധികാരി എന്ന നിലയിലും ശക്തനായ രാഷ്ട്രീയ നേതാവ് എന്ന നിലയിലും കേരളത്തിലെ സിപിഎമ്മിലും ദേശീയ രാഷ്ട്രീയത്തിലും പിണറായിയുടെ ആധിപത്യം സമഗ്രവും സമ്പൂര്‍ണവുമാവുകയാണ്. ഒപ്പം ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ സിപിഎമ്മിന്റെ മുഖമാകാനും പിണറായിക്ക് കഴിഞ്ഞു എന്നതും ഈ സമ്മേളന കാലയളവിന്റെ പ്രത്യകതയാണ്. നിലവില്‍ വ്യക്തിപരമായ ആരോപണങ്ങളോ പ്രശ്‌നങ്ങളോ ഒന്നും തന്റെ പേരിലില്ലെന്നതും ആത്മവിശ്വാസത്തോടെ സമ്മേളനത്തെ അഭിമുഖീകരിക്കാന്‍ പിണറായിക്ക് സഹായകമാകും. സമ്മേളനത്തിലും സംസ്ഥാനസമിതിയിലും ആര്, എവിടെ, എങ്ങനെ വേണം എന്നതടക്കമുള്ള തീരുമാനങ്ങളുടെ ഉടയവനാകാനും ഇതുവഴി പിണറായിക്ക് സാധിക്കും.

എല്ലാത്തിനുമപ്പുറം മുതിര്‍ന്ന നേതാവ് വിഎസ് അച്യൂതാനന്ദന്‍ ഒന്നുമല്ലാതായിത്തീര്‍ന്ന ഒരു സമ്മേളനം എന്ന നിലയില്‍ കൂടിയാണ് തൃശൂര്‍ സമ്മേളനം ചരിത്രത്തില്‍ രേഖപ്പെടുത്തുക. ഭരണതലത്തില്‍ സംഭവിച്ച പിഴവുകളും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും കോടിയേരിയുടെ മക്കളുടെ സാമ്പത്തിക ഇടപാടുകളുമെല്ലാം സമ്മേളനത്തില്‍ സജീവചര്‍ച്ചയാകും. ഇതിനെല്ലാം നേതൃത്വം മറുപടി പറയേണ്ടി വരുമെങ്കില്‍ പോലും ഏറെ തലവേദന സൃഷ്ടിച്ചിരുന്ന വിഎസ് നിലവില്‍ ചിത്രത്തിലേ ഇല്ല എന്നത് തന്നെയാണ് നേതൃത്വത്തിന് വലിയ സമാധാനം പകരുന്ന ഘടകം. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സമ്മേളനനഗരിയില്‍ പതാക ഉയര്‍ത്തുന്നതൊഴിച്ചാല്‍ വിഎസിന് സമ്മേളനത്തില്‍ വലിയ പങ്കുവഹിക്കാനില്ല. സിപിഐഎം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവരില്‍ അവശേഷിക്കുന്ന ഈ പോരാളി സംസ്ഥാന സമിതിയിലെ സ്ഥിരം ക്ഷണിതാവായി തുടര്‍ന്നേക്കുമെന്ന് കരുതാം.

ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ചങ്ങാത്തമുണ്ടാക്കേണ്ടതിന്റെ കാലിക പ്രസക്തി സംബന്ധിച്ച നിര്‍ണായ ചര്‍ച്ച സമ്മേളനത്തിലുണ്ടാകും. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ തന്നെ രണ്ടുതട്ടിലായിപ്പോയ വിഷയത്തിന് സംസ്ഥാനസമ്മേളനത്തില്‍ അതീവ പ്രാധാന്യമുണ്ട്. 1694ലേതിന് സമാനമായ സാഹചര്യം എന്ന നിലയില്‍ വിഷയത്തില്‍ സംസ്ഥാനസമ്മേളനത്തിന്റെ താത്പര്യവും നയവുമെന്തെന്നറിയാന്‍ കാത്തിരിക്കുന്നവരുണ്ട്. ഒപ്പം മുന്നണിക്കകത്ത് തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നതിനായി ഇടയ്ക്കിടെ ചൊറിഞ്ഞുകൊണ്ടേയിരിക്കുന്ന സിപിഐ അടക്കമുള്ള സഖ്യകക്ഷികളോട് എന്ത് സമീപനം സ്വീകരിക്കണമെന്നത് സംബന്ധിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. മാണിയെ കൂടെ നിര്‍ത്തി സിപിഐയെ പേടിപ്പിക്കാനുള്ള നീക്കം സമ്മേളത്തില്‍ ഉണ്ടാകുമോയെന്നാണ് രാഷ്ടീയകുതുകികള്‍ ഉറ്റുനോക്കുന്നത്. കെഎം മാണി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നത് സിപിഐയ്ക്കും ആശങ്കയ്ക്കുള്ള വക നല്‍കുന്നുണ്ട്. 87 സംസ്ഥാന കമ്മിറ്റി അംഗങ്ങളുള്‍പ്പെടെ 566 പ്രതിനിധികളാണ് നാലു ദിവസം നീണ്ടു നില്‍ക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സര്‍ക്കാരിന് കീഴിലെ വിവിധ ബോര്‍ഡുകളുടെ അധ്യക്ഷന്മാരും ഭാരവാഹികളും സിപിഎമ്മിന്റെ മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനും അടക്കം ഒത്തുചേരുന്നതോടെ ഇനിയുള്ള നാല് നാളുകള്‍ തിരുവനന്തപുരത്തിന് പകരം തൃശൂരാകുന്നു കേരളത്തിന്റെ തലസ്ഥാനം. വിമര്‍ശങ്ങളില്‍ ഊതിക്കാച്ചിയെടുത്ത പുതിയ സിപിഎമ്മിനായി, പുതിയ നയങ്ങള്‍ക്കായി കാത്തിരിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top