Home app

ഉലകനായകനെ തമിഴ്ജനത തളളുമോ കൊളളുമോ!

കേരളത്തില്‍ നിന്നും വിഭിന്നമായി തമിഴ്‌നാട് രാഷ്ട്രിയത്തില്‍ സിനിമാ താരങ്ങള്‍ക്കുളള സ്ഥാനം അതിശയിപ്പിക്കുന്നതാണ്. ഇതു തന്നെയാണ് തമിഴ്‌സിനിമയിലെ ഉലകനായകന്‍ കമലഹാസന്റെ രാഷ്ട്രിയ പ്രവേശത്തെ ശ്രദ്ധേയമാക്കുന്നതും. എന്നാല്‍ രാഷ്ട്രിയത്തില്‍ ചുവടുറപ്പിച്ച മുന്‍ഗാമികളുടെ അത്ര സുഗമമായ സാഹചര്യമല്ല കമലിന് ഇപ്പോള്‍ നേരിടാനുളളത്. ഇന്ന് നടക്കാനിരിക്കുന്ന രാഷ്ട്രിയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ പാര്‍ട്ടിയുടെ നയപരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് കമല്‍ അറിയിച്ചിരുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന രാഷ്ട്രീയ യാത്രയ്ക്ക് രാമനാഥപുരത്ത് തുടക്കം കുറിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുക

കമലിനൊപ്പം തന്നെ രാഷ്ട്രിയ-സിനിമാ ലോകം ഉറ്റുനോക്കുന്നതാണ് സൂപ്പര്‍താരം രജനകാന്തിന്റെയും രാഷ്ട്രിയ പ്രവേശം. രജനീകാന്തിന് മുന്‍പെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ച് കളം പിടിക്കാന്‍ ശ്രമിക്കുന്ന കമല്‍ ഹാസന് പ്രതിസന്ധികള്‍ നിരവധിയാണ്. ആരാധകവൃന്ദം മാത്രമാണ് നിലവില്‍ കമലിനൊപ്പമുളളത്. എംജിആര്‍ ചെയ്തത് പോലെ തന്നെ ഫാന്‍സ് അസോസിയേഷനുകളെ പാര്‍ട്ടിഘടകങ്ങളാക്കി നിലയുറപ്പിക്കാനാണ് കമലിന്റെയും നീക്കം. എന്നാല്‍ രാഷ്ട്രിയത്തില്‍ മുന്‍പരിചയമില്ലാത്ത കമലഹാസനെ തമിഴ്ജനത തളളുമോ കൊളളുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കമലിന്റെ നിലപാടുകളിലെ അവ്യക്തതയാണ് മറ്റൊരു പ്രശ്‌നം. സിപിഎമ്മിനോടും, ആംആദ്മിയോടും, തൃണമൂല്‍ കോണ്‍ഗ്രസിനോടും ചായ്‌വുളള കമലിന് ബിജെപിയോടുളള നിലപാട് വ്യക്തമാക്കിയിട്ടില്ല. കാവി രാഷ്ട്രിയത്തിന് എതിരു പറയുമ്പോഴും കേന്ദ്രസര്‍ക്കാരിനെ പലപ്പോഴും പ്രശംസിക്കുന്നുമുണ്ട്. എഐഡിഎംകെയെ നിശിതമായി വിമര്‍ശിക്കുന്ന കമല്‍ ഡിഎംകെയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ കാവി രാഷ്ട്രിയത്തിനൊപ്പമല്ലെങ്കില്‍ സഹകരിക്കാമെന്ന കമലിന്റെ പ്രസ്താവനയോട് രണ്ടു പേര്‍ക്കും രണ്ടു വഴി എന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

താന്‍ കടലാസ് പൂവല്ല, വിതച്ചാല്‍ വിളയുന്ന വിത്താണെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് നല്‍കിയ മറുപടി കമല്‍ കാത്തുസൂക്ഷിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. എന്നാല്‍ ജയലളിതയുടെ അന്ത്യത്തിനു ശേഷം തമിഴ്‌നാട്ടില്‍ മാറിമറഞ്ഞ് കിടക്കുന്ന രാഷ്ട്രിയത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഉലകനായകന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയുണ്ടെന്നതാണ് വാസ്തവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top