കോണ്‍ഗ്രസ് നേതാവും രാജ്യത്തെ പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിങ്വി നീരവ് മോദിയുടെ വജ്രാഭരണ ശാലയില്‍ നിന്ന് ആറ് കോടി രൂപയുടെ ആഭരണങ്ങള്‍ വാങ്ങിയ ഇടപാടുകള്‍ ആദായ നികുതി വകുപ്പ് ഊര്‍ജിതമായി അന്വേഷിക്കുന്നു. ഈ ഇടപാടില്‍ ഒന്നരക്കോടി രൂപ മാത്രമാണ് സിങ്വി ചെക്ക് വഴി നല്‍കിയത്. ശേഷിക്കുന്ന നാലരക്കോടി രൂപ എങ്ങനെ കൊടുത്തുവെന്നതിന് യാതൊരു വ്യക്തതയുമില്ലെന്നാണ് ആദായ നികുതി വൃത്തങ്ങള്‍ അറിയിക്കുന്നത്.
അഭിഭാഷകനെന്ന നിലയില്‍ സിങ്വിക്ക് നീരവ് മോദി എന്തടിസ്ഥാനത്തിലാണ് ഇത്രയധികം തുകയുടെ ഇളവുകള്‍ നല്‍കിയതെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. സിങ്വിയും ഭാര്യയും ചേര്‍ന്നാണ് എട്ട് കോടി രൂപയുടെ ആഭരണങ്ങള്‍ വാങ്ങിയിരിക്കുന്നത്. ഇതിന് പുറമേ സൈപ്രസ്, സിംഗപ്പൂര്‍ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നും വ്യക്തമായ രേഖകളില്ലാതെ വന്‍ തുകകള്‍ നീരവിന്റെ അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിക്കഴിഞ്ഞു.