ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മകന് ട്രംപ് ജൂനിയര്‍ ഇന്ന് ഇന്ത്യയില്‍. ബിസിനസ് ആവശ്യത്തിനായാണ് ജൂനിയര്‍ ട്രംപ് ഇന്ത്യയിലെത്തിയത്. 1500 കോടിയുടെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലാണ് ട്രംപ് ജൂനിയര്‍ പങ്കാളിയാകും.
ഹരിയാനയിലെ ഗുഡ്ഗാവില്‍ ട്രംപ് ടവര്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ട് ആഢംബര ഫ്ളാറ്റുകളും ട്രംപ് ജൂനിയറിന്റെ ഉടമസ്ഥതയില്‍ നിര്‍മിക്കുന്നുണ്ട്. ഇവിടെ ഫ്ളാറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് അദ്ദേഹത്തിനൊപ്പം അത്താഴവിരുന്നിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഒന്‍പത് കോടി രൂപയാണ് ഒരു ഫ്ലാറ്റിന്റെ വില. 47 നിലകളുള്ള രണ്ട് സമുച്ചയങ്ങളിലുമായി 145 ഫ്ലാറ്റുകളാണ് ഉള്ളത്.
പ്രസിഡന്റിന്റെ മകന് ഇന്ത്യയില്‍ എത്തുന്നതിന് മുമ്പേ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ട്രംപ് ജൂനിയര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പങ്കാളിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഒരാഴ്ച ട്രംപ് ജൂനിയര്‍ ഇന്ത്യയില്‍ ചിലവഴിക്കും.