പിഎസ്ജിക്കെതിരായ മത്സരത്തിലെ ആ പെനാല്‍റ്റി കിക്കിന് തൊട്ടുമുമ്പ് പന്തിനെന്താണ് സംഭവിച്ചത്? പന്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ത് മായാജാലമാണ് കാട്ടിയത്? ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഇപ്പോള്‍ അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യമാണിത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പിഎസ്ജി- റയല്‍ മാഡ്രിഡ് പോരാട്ടത്തിനിടെയാണ് റൊണാള്‍ഡോയുടെ മാജിക്കല്‍ കിക്കിന് ലോകം സാക്ഷ്യം വഹിച്ചത്.
സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു ക്രിസ്റ്റ്യാനോയുടെ ആ പെനാല്‍റ്റി കിക്ക്. എന്തു മന്ത്രവാദമാണു ഷോട്ടെടുക്കും മുമ്പ് റൊണാള്‍ഡോ കാട്ടിയത് എന്ന രീതിയിലുള്ള പ്രചാരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. ക്രിസ്റ്റ്യാനോ കിക്കെടുക്കുന്നതിന്റെ വിഡിയോ ദൃശ്യം സൂം ചെയ്യുമ്പോഴാണ് കിക്കിലെ മാജിക്കല്‍ ടച്ച് കൃത്യമായി കാണാനാവുക.
കിക്ക് എടുക്കുന്നതിന് ഓടിയെത്തിയ ക്രിസ്റ്റ്യാനോ ഇടതുകാല്‍ പന്തിനു സമീപം നിലത്തേക്കു കുത്തുമ്പോള്‍, അതിന്റെ ശക്തിയില്‍ ടര്‍ഫില്‍നിന്നു പന്ത് അല്‍പമൊന്നുയരുന്നതു കാണാം. ഉയര്‍ന്ന പന്തു താഴുന്നതിനു മുന്‍പേ ക്രിസ്റ്റ്യാനോയുടെ വലംകാല്‍ ബുള്ളറ്റ് ഷോട്ട്. ഷോട്ടിന്റെ അതേദിശയില്‍ ചാടിയിട്ടു പോലും പിഎസ്ജി ഗോള്‍ കീപ്പര്‍ അല്‍ഫോണ്‍സ് അരിയോളയ്ക്ക് പന്തില്‍ സ്പര്‍ശിക്കാന്‍ പോലും സാധിച്ചില്ല. ഗോളിന് പിന്നിലെ ശാസ്ത്രവും മാന്ത്രികതയും അന്വേഷിക്കുകയാണ് ഫുട്‌ബോള്‍ ലോകം.
വീഡിയോ കാണാം-
https://www.youtube.com/watch?v=3OJat1G1ZcM