കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് ജില്ലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എടയന്നൂരില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി ശുഹൈബ് വെട്ടേറ്റു മരിച്ചത്. എടയന്നൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു ശുഹൈബിനുനേരെ അക്രമം ഉണ്ടായത്. ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. ശുഹൈബിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഖബറടക്കും.
അതേസമയം കണ്ണൂരില്‍ ഭരണത്തിന്റെ തണലില്‍ ചുവപ്പ് ഭീകരതയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടക്കുന്ന 21-ാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന് വ്യക്തമാക്കി. കൊലപാതകത്തെ സിപിഎം ശക്തമായി അപലപിക്കുകയാണെന്നും ജയരാജന് വ്യക്തമാക്കി.