കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശ്ശികയടക്കം ഈ മാസം തന്നെ കൊടുത്തു തീര്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമായി. യോഗത്തില്‍ ഗതാഗതമന്ത്രിയെക്കൂടാതെ സഹകരണ മന്ത്രി എ.സി മൊയ്തീനും പങ്കെടുത്തു.
സഹകരണ ബാങ്ക് കണ്സോഷ്യത്തിലൂടെയായിരിക്കും പെന്ഷന് കുടിശ്ശിക കൊടുത്ത് തീര്‍ക്കുക. ഇപ്പോള്‍ നാലു മാസത്തെ പെന്ഷന് മുടങ്ങിക്കിടക്കുകയാണ്. ഇതിനായി 224 കോടി രൂപയാണ് വേണ്ടത്. ഫെബ്രുവരിയിലെ പെന്ഷന് കൂടിയാകുമ്പോള്‍ 284 കോടിയാവും. ഈ തുക ആദ്യഘട്ടത്തില്‍ ലഭ്യമാക്കും.
അതാത് ജില്ലകളിലെ പ്രാഥമിക സഹകരണസംഘങ്ങളായിരിക്കും പെന്‍ഷനുള്ള തുക അനുവദിക്കുക. അവശത അനുഭവിക്കുന്നവര്‍ക്ക് പെന്ഷന് വീടുകളില്‍ എത്തിച്ച് നല്‍കും. സഹകരണസംഘങ്ങള്‍ നല്കുന്ന തുക ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തിരിച്ചുനല്‍കും. 38,000 പേര്‍ക്ക് ജൂലായ് വരെ പെന്ഷന് കൊടുക്കാന്‍ 584 കോടി രൂപ വേണം. പത്ത് ശതമാനം പലിശയടക്കം 605.7 കോടി രൂപയാണ് സര്‍ക്കാര്‍ തിരിച്ചുകൊടുക്കുക. കെ.എസ്.ആര്.ടി.സി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നത് വരെ ഈ രീതി തുടരും. മാസന്തോറും ഇനി മുതല്‍ കുടിശിക ഇല്ലാതെ പെന്ഷന് ലഭ്യമാക്കും.
അതേസമയം കെ.എസ്.ആര്.ടി.സി ശമ്പളം വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ നേരത്തെ 70 കോടി അനുവദിച്ചിരുന്നതായി ബജറ്റ് ചര്‍ച്ചയ്ക്കിടെ ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം 1000 കോടി രൂപ ഇതിനോടകം തന്നെ സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സിക്ക് നല്കി കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.