സൗദി അറേബ്യയുടെ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരികോത്സവമാണ് ജനാദ്രിയ ഫെസ്റ്റിവല്‍. ഒട്ടക ഓട്ടവും സംഗീത പരിപാടികളും ഉള്‍പ്പെടെ വ്യത്യസ്തങ്ങളായ നിരവധി പരിപാടികള്‍ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും.
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ കാണാന്‍ നിരവധി ആള്‍ക്കാരാണ് എത്തിച്ചേരുക. ഈ വര്‍ഷത്തെ ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യയാണ് വിശിഷ്ടാതിഥി. മൂന്ന് ദശലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയില്‍ ഉള്ളത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ സൗദി നേതാക്കളുമായും സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. സാമ്പത്തിക, നയതന്ത്ര ബന്ധങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഇന്നലെയാണ് മന്ത്രി സൗദിയില്‍ എത്തിച്ചേര്‍ന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രിയായതിന് ശേഷമുള്ള സുഷമ സ്വരാജിന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്.