ചെന്നൈ: ജയലളിതയുടെ സഹോദരപുത്രി ദീപയ്ക്കെതിരെ 80 ലക്ഷം രൂപയുടെ പണം തട്ടിപ്പ് കേസ്. തമിഴ്നാട്ടിലെ ഇഞ്ചമ്പാക്കത്തുള്ള വ്യവസായിയായ രാമചന്ദ്രന്റെ പരാതിയിലാണ് ചെന്നൈ സിറ്റി പോലീസ് കേസെടുത്തത്. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയ ദീപ തന്നെ മന്ത്രിയാക്കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് പരാതി.
ഒരുതവണ 50 ലക്ഷം രൂപയും പിന്നീട് ബാക്കി തുക പലതവണകളായും വാങ്ങിയെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും രാമചന്ദ്രന് ആരോപിച്ചു. ദീപയും ഭര്‍ത്താവ് മാധവനും ഡ്രൈവര്‍ രാജയും ചേര്‍ന്നാണ് പണം തട്ടിയതെന്നും ഇയാള്‍ ആരോപിക്കുന്നു. ഡ്രൈവര്‍ രാജയുടെ സാന്നിധ്യത്തിലാണ് താന്‍ 50 ലക്ഷം രൂപ കൈമാറിയതെന്നും രാമചന്ദ്രന് പറഞ്ഞു.
എം.ജി.ആര്. അമ്മ ദീപ പേരവൈ സംഘടനയുണ്ടാക്കി രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച ദീപ ആര്.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒപ്പം നല്‍കേണ്ട സത്യവാങ്മൂലം അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി പത്രിക വരണാധികാരി തള്ളുകയായിരുന്നു.