തിരുവനന്തപുരം: നികുതി വെട്ടിച്ച് പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടി അമല പോള്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നേരത്തെ അമല പോള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ചെന്നൈയില്‍ നിന്ന് വാങ്ങിയ ബെന്‍സ് എസ് ക്ലാസ് കാറാണ് നടി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കാര്‍ ഉപയോഗിച്ചത് കൊച്ചിയിലായിരുന്നു. 1.12 കോടിയാണ് വാഹനത്തിന്റെ വില. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. പോണ്ടിച്ചേരിയില്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയായി നല്‍കേണ്ടി വന്നത്. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി നല്കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമാണെന്നായിരുന്നു കണ്ടെത്തല്‍.
ഇതേ കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസില്‍പെട്ട മറ്റൊരു നടന് ഫഹദ് ഫാസിലിന് ആലപ്പുഴ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 17.68 ലക്ഷം രൂപ ഫഹദ് നികുതി അടച്ചിരുന്നു.