കൊച്ചി: കൃത്രിമ രേഖയുണ്ടാക്കി വാഹനനികുതി വെട്ടിച്ച കേസില്‍ ബിജെപി എംപി സുരേഷ് ഗോപി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. വ്യാജരേഖകള്‍ ഉണ്ടാക്കി പോണ്ടിച്ചേരി വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ചെയ്തെന്ന കേസിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ സുരേഷ് ഗോപി എംപിക്കെതിരായ എഫ്ഐആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പുതുച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സുരേഷ് ഗോപിയോട് രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഈ രേഖകള്‍ കൃത്രിമം ആണെന്നാണ് ക്രൈബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.