കായല്‍ നികത്തി റിസോര്‍ട്ട് പണിതതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിയമോപദേശം വന്നതിനുശേഷം ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാമെന്ന് സി.പി.എം തീരുമാനം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്. തോമസ് ചാണ്ടി വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ യോഗം തയ്യാറായില്ല. മന്ത്രിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നാണ് സി.പി.എം നിലപാട്.
കുട്ടനാട്ടില്‍ ലേക് പാലസിലേക്ക് റോഡ് നിര്‍മിക്കുന്നതിന് നെല്‍വയല്‍ നികത്തല്‍ സംരക്ഷണ നിയമം തോമസ് ചാണ്ടി ലംഘിച്ചെന്ന് ജില്ലാ കളക്ടര്‍ ടി.വി.അനുപമയുടെ അന്തിമ റിപ്പോര്‍ട്ട് പുറത്ത് വന്നു. 2003ന് ശേഷം തോമസ് ചാണ്ടി ഭൂമി പരിവര്‍ത്തനപ്പെടുത്തിയെന്നും കളക്ടര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.