ആജീവനാന്ത വിലക്ക് നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് എസ്. ശ്രീശാന്ത് സുപ്രീംകോടതിയിലേക്ക്. മേല്‍കോടതിയെ സമീപിക്കുക എന്നതാണ് തനിക്ക് മുന്നിലുള്ള ഏക വഴിയെന്നും അതിനായുള്ള നടപടിക്രമങ്ങള്‍ നടത്തിവരികയാണെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയിട്ടില്ലെന്നും ബിസിസിഐയുടെ നടപടിയില്‍ അപാകത കണ്ടെത്താനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്. ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ബിസിസിഐയാണ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
2013 ഐപിഎല്‍ സീസണില്‍ വാതുവയ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന് റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പൊലീസ് ചെയ്തത്. തുടര്‍ന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.