അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. മാലിയും ഘാനയും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം ക്വാര്‍ട്ടര്‍ അമേരിക്കയും ഇംഗ്ലണ്ടും തമ്മിലാണ്. മൂന്നാം ക്വാര്‍ട്ടറില്‍ സ്പെയിന് ഇറാനെയും അവസാന ക്വാര്‍ട്ടറില്‍ ജര്‍മനി ബ്രസീലിനെയും നേരിടും. അവസാന എട്ടിലേക്ക് എത്തിയ കൌമാരലോകകപ്പില് ഇനി വരാനിരിക്കുന്നത് സൂപ്പര്‍ പോരാട്ടങ്ങളാണ്.ആദ്യ ക്വാര്‍ട്ടറില്‍ മാലിക്ക് എതിരാളികള്‍ ആഫ്രിക്കന്‍ ശക്തികളായ ഘാനയാണ്. ഇറാഖിനെതിരെ വമ്പന്‍ ജയവുമായാണ് മാലി ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ പൊരുതിക്കളിച്ച നൈജറിനെ മറികടന്നാണ് ഘാനയുടെ ക്വാര്‍ട്ടര്‍ പ്രവേശം. ഗുവാഹത്തിയില്‍ ഇന്ന് വൈകീട്ട് അഞ്ചിനാണ് മത്സരം.
രാത്രി എട്ടിന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ അമേരിക്ക ഇംഗ്ലണ്ടിനെ നേരിടും. പരാഗ്വെയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അമേരിക്ക ക്വാര്‍ട്ടറിലെത്തിയത്. ഇംഗ്ലണ്ടാവട്ടെ ജപ്പാനോട് പെനാല്‍റ്റി ഷൂട്ടൌട്ടിലാണ് ജയിച്ചു കയറിയത്. നാളെ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന മൂന്നാം ക്വാര്‍ട്ടറില്‍ സ്പെയിന് ഇറാനുമായി ഏറ്റുമുട്ടും. കരുത്തരായ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് സ്പെയിന് ക്വാര്‍ട്ടറിന് യോഗ്യത നേടിയതെങ്കില്‍ മെക്സിക്കോയെ മറികടന്നാണ് ഏഷ്യന്‍ ശക്തികളായ ഇറാന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ആരാധകര്‍ കാത്തിരിക്കുന്ന ക്വാര്‍ട്ടര്‍ പോര് നടക്കുന്നത് ഞായറാഴ്ച്ച രാത്രി എട്ടിനാണ്.
ഏറെ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ബ്രസീലും ജര്‍മനിയും തമ്മില്‍ ഏറ്റുമുട്ടുന്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് മികച്ച പോരാട്ടം തന്നെയാണ്. ഈ രണ്ട് ടീമുകളിലൊന്നിനെ ക്വാര്‍ട്ടറില്‍ നഷ്ടപ്പെടുമെന്നത് ആരാധകര്‍ക്ക് നിരാശ പകരുന്നതുമാണ്. കൊല്‍ക്കത്തയിലാണ് മത്സരം നടക്കുന്നത്.