ചികിത്സ നിഷേധിച്ചതിനാല്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ തമിഴ്നാട് സ്വദേശി മുരുകന് മരിക്കാനിടയായ സംഭവത്തില്‍ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പു പ്രകാരമുള്ള നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കുമെന്നറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുരുകന്റെ ജീവന് രക്ഷിക്കാനാവശ്യമായ വിദഗ്ധ ചികിത്സ നല്കാന് നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ എന്തെല്ലാം വകുപ്പുകള്‍ ചുമത്താന്‍ സാധിക്കുമെന്നതിന് വിദഗ്ധോപദേശം തേടിയിട്ടുണ്ടെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു.
യഥാസമയം ചികിത്സ ലഭിക്കാത്തതു മൂലമായിരുന്നു മുരുകന്റെ മരണം. തിരുവനന്തപുരത്തെയും കൊല്ലത്തെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും മുരുകന് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു.