ക്യാംപസുകളില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ക്യാംപസുകളിലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്. സമരം ചെയ്യേണ്ടത് ക്യാംപസിലല്ലെന്ന് ഹൈക്കോടതി വീണ്ടും ആവര്‍ത്തിച്ചു. പൊന്നാനി എംഇഎസ് കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുമ്പോഴും കടുത്ത നിരീക്ഷണങ്ങളും കര്‍ശന നിര്‍ദേശങ്ങളും ഹൈക്കോടതിയില്‍ നിന്നുണ്ടായിരുന്നു. അന്യായമായ കാര്യങ്ങള്‍ നേടിയെടുക്കാനാണ് ധര്‍ണയും സത്യഗ്രഹവും പോലുള്ള സമരമുറകള്‍ പ്രയോഗിക്കുന്നത്. ന്യായമായ ഏത് കാര്യത്തിനും ഉചിതമായ മാര്‍ഗങ്ങളുണ്ട്, വേദികളുണ്ട്. നിയമപരമായ പരിഹാരത്തിന് ഹൈക്കോടതി വരെയുള്ള കോടതികളെയും സമീപിക്കാം. ഇതിനൊന്നും ശ്രമിക്കാതെ സമരവുമായി വിദ്യാലയങ്ങളുടെ അന്തരീക്ഷം നശിപ്പിക്കുന്നവരെ പുറത്താക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
പഠിക്കാനാണ് വിദ്യാലയങ്ങളില്‍ പോകേണ്ടത്. സമരത്തിനല്ല. സമരങ്ങളിലൂടെ രാഷ്ട്രീയ ഭാവി ലക്ഷ്യമിടുന്നവര്‍ പഠനം ഉപേക്ഷിച്ച് പുറത്തുപോകട്ടെ. രണ്ടും ഒന്നിച്ചുപോകില്ല. സമരത്തിനായി കെട്ടുന്ന പന്തലോ മറ്റ് സംവിധാനങ്ങളോ നിലനിര്‍ത്താന്‍ അനുവദിച്ചു കൂടാ. കോളജിനുള്ളില്‍ മാത്രമല്ല, തൊട്ടടുത്ത പരിസരത്തൊന്നും അവ പാടില്ല, അങ്ങനെയുളളവ പൊളിച്ചുനീക്കേണ്ടതാണ്. കോളജില്‍ നിന്ന് ആവശ്യപ്പെട്ടാല്‍ ഇതിനാവശ്യമായ എല്ലാ സഹായവും പൊലീസ് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചിരുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)