Home app

ബെംഗളൂരുവിലെ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി

ബെംഗളൂരുവിലെ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി. ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി. സോളാര്‍ കേസില്‍ ബെംഗളൂരു വ്യവസായി എം.കെ. കുരുവിള നല്‍കിയ കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി അംഗീകരിച്ചത്. ഉമ്മന്‍ചാണ്ടി പരാതിക്കാരനുമായി പണമിടപാട് നടത്തിയതിനും പരാതിക്കാരനെ വഞ്ചിച്ചതിനും തെളിവില്ലെന്ന് കോടതി കണ്ടെത്തി.

സോളാര്‍ പദ്ധതി വാഗ്ദാനംചെയ്ത് 1.35 കോടിരൂപ വാങ്ങി വഞ്ചിച്ചെന്ന് കാണിച്ചാണ് വ്യവസായി എം.കെ. കുരുവിള ബെംഗളൂരു കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 24-ന് ഉമ്മന്‍ചാണ്ടിയടക്കം ആറുപ്രതികള്‍ പലിശയടക്കം 1.61 കോടി രൂപ തിരിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, സോളാര്‍കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പ്രഖ്യാപിച്ചതെന്ന് കാണിച്ച് ഉമ്മന്‍ ചാണ്ടി വീണ്ടും കോടതിയെ സമീപിച്ചു. ഈ ആവശ്യം കണക്കിലെടുത്ത് ഏപ്രിലില്‍ വിധി റദ്ദാക്കുകയും വീണ്ടും വാദംകേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് കരുവിളയുടെ ഹര്‍ജിയില്‍ ജൂണില്‍ വാദം തുടങ്ങിയതും ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്നതും

4000 കോടിയുടെ സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി 1.35 കോടി വാങ്ങി വഞ്ചിച്ചെന്ന കേസില്‍ അഞ്ചാംപ്രതിയായിരുന്നു ഉമ്മന്‍ ചാണ്ടി. താന്‍ നേരിട്ട് കൈക്കൂലി വാങ്ങിയതായി കുരുവിള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഇക്കാരണത്താല്‍ കേസ് തള്ളണമെന്നും ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജോസഫ് ആന്റണി കോടതിയില്‍ വാദിച്ചിരുന്നു. കേരള ഹൈക്കോടതിയെ കുരുവിള സമീപിച്ചപ്പോഴും ഉമ്മന്‍ചാണ്ടിക്കെതിരേ നേരിട്ട് ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top