Home app

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കേസില്‍ നാദിര്‍ഷയെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ജാമ്യഹര്‍ജി തീര്‍പ്പാക്കിയത്. ആവശ്യമെങ്കില്‍ പൊലീസിന് നാദിര്‍ഷയെ നിയമാനുസൃതം നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

നിലവില്‍ നാദിര്‍ഷ അറസ്റ്റിനെ ഭയക്കേണ്ടതില്ലെന്ന് കോടതി അറിയിച്ചു. പള്‍സര്‍ സുനിയും വിഷ്ണുവും വിളിച്ചതുകൊണ്ട് മാത്രം നാദിര്‍ഷയെ പ്രതിയാക്കാന്‍ ആകില്ല. ആവശ്യമെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്യാം. എന്നാല്‍ അക്കാര്യം കോടതിയെ അറിയിക്കണം. കോടതി പറഞ്ഞു.

എല്ലാവരേയും പിടിച്ച് കേസില്‍ പ്രതിയാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. എല്ലാ സാക്ഷികളെയും പ്രതിയാക്കിയാല്‍ പിന്നെ സാക്ഷികള്‍ ഉണ്ടാകില്ല. ഈ പഴുത് ഉപയോഗിച്ച് മറ്റ് പ്രതികള്‍ രക്ഷപെടാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യം സൃഷ്ടിക്കരുത്. പ്രതികളുടെ എണ്ണം കൂട്ടിയതുകൊണ്ട് കേസ് വലുതാകില്ല. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടവരെ മാത്രമേ പ്രതിയാക്കാവൂ എന്ന സാമാന്യതത്വം പൊലീസ് ഓര്‍മിക്കണം. കോടതി പറഞ്ഞു.

സെപ്തംബര്‍ 25 ന് കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ കാവ്യയേയും നാദിര്‍ഷയേയും അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അന്ന് കാവ്യയുടെ ജാമ്യഹര്‍ജി തീര്‍പ്പാക്കുകയും ചെയ്തു. കേസില്‍ തന്നെ പ്രതിയാക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ടെന്നും ദിലീപിനെതിരെ മൊഴി നല്‍കാന്‍ ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top