കോണ്‍ഗ്രസ് ബന്ധത്തില്‍ നിലപാട് കടുപ്പിച്ച് സിപിഎം പോളിറ്റ്ബ്യൂറോ. കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ കേന്ദ്രകമ്മറ്റിയില്‍ വയ്ക്കാന്‍ സിപിഎം തീരുമാനിച്ചു. തിങ്കളാഴ്ച ചേര്‍ന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയോടും കോണ്‍ഗ്രസിനോടും തുല്യ അകലമെന്ന അടവുനയം മാറ്റണമെന്ന വാദം പോളിറ്റ്ബ്യൂറോ തള്ളി. കഴിഞ്ഞ പിബി യോഗം വിഷയം ചര്‍ച്ച ചെയ്തെങ്കിലും വലിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കേന്ദ്രകമ്മറ്റിക്ക് വിടാന്‍ ധാരണയായിരുന്നെങ്കിലും തിങ്കളാഴ്ചത്തെ പിബിയില്‍ കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന നിലപാടിലേക്ക് സിപിം എത്തുകയായിരുന്നു.
കോണ്‍ഗ്രസിനോടുള്ള ബന്ധത്തില്‍ മാറ്റം വരുത്തണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി മുമ്പ് വാദിച്ചിരുന്നെങ്കിലും പ്രകാശ് കാരാട്ട് പക്ഷം ശക്തമായി എതിര്‍ത്തിരുന്നു. ഈ വാദത്തിന് പിബിയില്‍ പ്രബല വിഭാഗമായ കേരളഘടകം പൂര്‍ണ പിന്തുണ നല്കി.