Home app

രോഹിംഗ്യകള്‍ രാജ്യത്തിന് ഭീഷണിയെന്ന് ആര്‍എസ്എസ്

രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ വീണ്ടും ആര്‍എസ്എസ്. രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയാണെന്ന് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. മ്യാന്‍മറിലെ സൈനിക നടപടികളേത്തുടര്‍ന്ന് മറ്റിടങ്ങളില്‍ അഭയം തേടേണ്ടി വന്നവരാണ് രോഹിംഗ്യകള്‍ എന്നും അവരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മ്യാന്‍മറില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയവരാണ് രോഹിംഗ്യകള്‍ എന്നു പറഞ്ഞ ജോഷി നിരവധി ഹിന്ദുക്കള്‍ അവിടെ കൊല്ലപ്പെട്ടിരുന്നുവെന്നും പറഞ്ഞു. രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ജമ്മുകാഷ്മീരിലും എത്തിയിട്ടുണ്ടെന്നും ഇവിടെ തങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്നാണ് അവരുടെ ആവശ്യമെന്നും അത് അംഗീകരിക്കാനാവില്ലെന്നും ജോഷി വ്യക്തമാക്കി.

രോഹിംഗ്യന്‍ അഭയാര്‍ഥികളോട് മനുഷ്യത്വപരമായി പെരുമാറണമെന്ന് പറയുന്നവര്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷയേക്കുറിച്ച് എന്തുകൊണ്ടാണ് ഓര്‍ക്കാത്തതെന്നും രോഹിംഗ്യന്‍ അഭയാര്‍ഥികളെ അതിഥികളായി കാണണമോയെന്നും ഭയ്യാജി ജോഷി ചോദിച്ചു. വിദേശങ്ങളില്‍ നിന്നുള്ളവരെ നിശ്ചിത കാലയളവിനു ശേഷം തങ്ങളുടെ രാജ്യത്തു തുടരാന്‍, ഒരു ഭരണകൂടവും അനുവദിക്കില്ലെന്നുള്ള കാര്യം ഏവരും ഓര്‍ക്കണമെന്നും ഇന്ത്യയില്‍ ഇത്തരം നടപടികള്‍ക്കെതിരെ ചോദിക്കാനും പറയാനും ആരുമില്ലെന്ന് ധരിക്കരുതെന്നും ഭയ്യാജി ജോഷി കൂട്ടിച്ചേര്‍ത്തു.

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top