Home app

ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ അപ്പീല്‍ നല്‍കി

ഐ.പി.എല്‍ ഒത്തുകളി കേസില്‍ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ ബി.സി.സി.ഐ ഡിവിഷന്‍ ബഞ്ചില്‍ റിട്ട് അപ്പീല്‍ നല്‍കി. ശ്രീശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും തങ്ങള്‍ക്കെതിരെ സിംഗിള്‍ ബഞ്ച് നടത്തിയ പരാമര്‍ശം റദ്ദാക്കണമെന്നും ബി.സി.സി.ഐ ആവശ്യപ്പെട്ടു.

ശ്രീശാന്തിനെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിലക്കിയ ബി.സി.സി.ഐ നടപടി റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ശ്രീശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഹര്‍ജിയില്‍ ബി.സി.സി.ഐ പറയുന്നു. ശ്രീശാന്തിനെ വിശദമായി കേട്ടശേഷമാണ് നടപടിയെടുത്തത്. സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ല. 2013ല്‍ എടുത്ത നടപടിയെ ശ്രീശാന്ത് ചോദ്യം ചെയ്തത് 2017ലാണ്. ശ്രീശാന്തിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പോലീസ് നല്‍കിയ ഹര്‍ജി പട്ട്യാല കോടതിയുടെ പരിഗണനയിലാണ്.

അച്ചടക്കനടപടിയില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ല. ശിക്ഷയില്‍ ഇളവു വരുത്താനുമാവില്ല. അച്ചടക്ക നടപടി പരിശോധിക്കുന്ന ഘട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പരിശോധിക്കുന്നത് ശരിയല്ലെന്നും ഹര്‍ജിയില്‍ ബി.സി.സി.ഐ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top