ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഇന്ന് തന്നെ ഹാജരാകാന്‍ തയാറാണെന്ന് പോലീസിനെ അറിയിച്ചു. എന്നാല്‍ ഇന്ന് വേണ്ടെന്നാണ് പോലീസിന്റെ നിലപാട്. രണ്ടു ദിവസത്തിനകം നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. രാവിലെ ആലുവ പോലീസ് ക്ലബില്‍ എത്തിയ നാദിര്‍ഷയ്ക്ക് കനത്ത രക്തസമ്മര്‍ദ്ദമുണ്ടായി. ഇതേതുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ച് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അന്വേഷണ സംഘം രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ നാദിര്‍ഷ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീടാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോഴാണ് നാദിര്‍ഷയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.