അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയായി. രണ്ട് അലോട്ട്മെന്റുകള്‍ക്ക് ശേഷം ഒഴിവുവന്ന സീറ്റുകളിലേക്ക് നടത്തിയ സ്പോട്ട് അഡ്മിഷന് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ അവസാനിച്ചു. ഒഴിവുകളുടെയും അവസാന റാങ്കിന്റെയും വിവരം വെള്ളിയാഴ്ചയോടെ പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിക്കും.
നേരത്തേ നടത്തിയ അലോട്ട്മെന്റിനുശേഷം 690 മെഡിക്കല്‍ സീറ്റുകളും 450 ബി.ഡി.എസ്. സീറ്റുകളുമാണ് ഒഴിഞ്ഞുകിടന്നിരുന്നത്. ഇതിലേക്കാണ് സ്പോട്ട് അഡ്മിഷന് നടന്നത്. അവസാന നിമിഷം കോടതി പ്രവേശനാനുമതി നല്കിയ മൂന്നു കോളേജുകളിലെ (ഡി.എം. വയനാട്, അല്‍ അസര്‍, മൗണ്ട് സിയോന്‍) മുഴുവന്‍ സീറ്റുകളിലെ പ്രവേശനവും ഇതു വഴിയായിരുന്നു.
കോടതി നിര്‍ദേശപ്രകാരം ബി.ഡി.എസ്. പ്രവേശനം രണ്ട്, മൂന്ന് തീയതികളില്‍ വീണ്ടും നടക്കും. മെഡിക്കല്‍ പ്രവേശനത്തിന് അഞ്ചുലക്ഷം രൂപയുടെ താത്കാലിക വാര്ഷികഫീസിനൊപ്പം ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നല്‍കണമെന്ന സുപ്രീംകോടതി നിര്ദേശംകാരണം, അലോട്ട്മെന്റ് ലഭിച്ച ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയ സീറ്റ് ഉപേക്ഷിച്ച് മടങ്ങേണ്ടിവന്നു.