ജീവനൊടുക്കാനായി കുട്ടികളുമായി കിണറ്റില്‍ ചാടിയ യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടികള്‍ മുങ്ങിമരിച്ചു. ഹനുന് ഹാമിസ്(നാലര), മുഹമ്മദ് റംഷാന്(ഒന്നര) എന്നീ കുട്ടികളാണ് മരിച്ചത്. കോഴിക്കോട് നാദാപുരം വാണിമേല്‍ കൊടിയൂറയിലായിരുന്നു സംഭവം. കുട്ടികളുടെ അമ്മ ജനീഫയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാദാപുരം ദാറുല്‍ ഹുദാ നഴ്സറി വിദ്യാര്‍ത്ഥികളാണ് മരിച്ച കുട്ടികള്‍. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് യുവതി കിണറ്റില്‍ ചാടിയതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ജനീഫയെയും മൂത്ത കുട്ടിയെയും പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് രണ്ടാമത്തെ കുട്ടിയെ പുത്തെടുക്കാന്‍ കഴിഞ്ഞത്.
കിണറ്റിലെ ചെളിയില്‍ പൂണ്ട നിലയിലായിരുന്നു മുഹമ്മദ് റംഷാന്. കിണറിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പുറത്തു കളഞ്ഞാണ് ചേലക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ നാട്ടുകാര്‍ ഈ കുട്ടിയെ പുറത്തെടുത്തത്. കുട്ടികളുടെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭര്‍ത്താവ് ഹമീദിനെയും ഭര്‍തൃപിതാവ് അമ്മദ്ഹാജിയെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.