ധീരതയുടേയും കര്‍ത്തവ്യ ബോധത്തിന്റേയും അടയാളമായി മാറിയിരിക്കുകാണ് മദ്ധ്യപ്രദേശ് സാഗര്‍ ജില്ലയിലെ പൊലീസുകാരന്. ഒരു കിലോ മീറ്ററോളം ദൂരമാണ് 400 കുട്ടികളുടെ ജീവന് രക്ഷിക്കാനായി ബോംബും കൈയില്‍ പിടിച്ച് പൊലീസുകാരനായ അഭിഷേക് പട്ടേല്‍ ഓടിയത് . സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തുന്നത്. പരിശോധനയില്‍ കണ്ടെത്തിയ ബോംബുമായാണ് അഭിഷേക് പട്ടേല്‍ ഒരു കിലോമീറ്റര്‍ ഓടിയത്.
സ്ഫോടനം ഉണ്ടായാല്‍ അതിന്റെ പ്രത്യാഘാതം അരകിലോമീറ്ററോളം ഉണ്ടാകുമെന്ന അറിവുള്ളതിനാലാണ് ബോംബുമായി ഓടിയതെന്നും കുട്ടികള്‍ക്ക് പരിക്കേല്‍ക്കാതെ ബോംബ് മാറ്റണമെന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംഘത്തിന്റെ കൂടെ ബോംബ് ഡിസ്പോസല്‍ സ്ക്വാഡ് ഇല്ലാത്തതിനാലാണ് പൊലീസുകാരന് ബോംബുമായി ഓടേണ്ടിവന്നത്.
അജ്ഞാത സന്ദേശം ലഭിച്ച ഉടനെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. സന്ദേശം നല്കിയ ആളെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും എവിടെ നിന്നാണ് ബോംബ് വന്നതെന്നതിനെ പറ്റി പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു.