Home app

ഹംപിയിലെ ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത 50 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും

റിസര്‍വ്വ് ബാങ്ക് 50 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. ഹംപിയിലെ ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടാണ് പുതുതായി പുറത്തിറക്കുക. ഫ്ളൂറസെന്റ് നീലയായിരിക്കും നോട്ടിന്റെ നിറം. 2005 മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകളാണ് ഇവ. നിലവില്‍ പ്രചാരത്തിലുള്ള 50 രൂപ നോട്ടുകളില്‍നിന്ന് കെട്ടിലും മട്ടിലും തീര്‍ത്തും വിഭിന്നമാണ് ഈ നോട്ടുകള്‍. പുതിയ നോട്ടുകള്‍ പുറത്തിറങ്ങിയാലും പഴയ നോട്ടുകള്‍ ഉപയോഗത്തില്‍ തുടരുമെന്നും റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 66 എംഎം-135എംഎം വലിപ്പത്തിലുള്ള നോട്ടുകളായിരിക്കും ഇവ. മഹാത്മാഗാന്ധിയുടെ ചിത്രം നോട്ടിന്റെ നടുഭാഗത്തായിരിക്കും. ഭാരത്, ആര്‍ബിഐ എന്നിവ ആലേഖനം ചെയ്ത സുരക്ഷാ നാടയായിരിക്കും നോട്ടിലുണ്ടാവുക. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് വലതു വശത്തായിരിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പ്. അശോക സ്തംഭവും വലതുവശത്തായിരിക്കും. മുകള്‍ ഭാഗത്ത് ഇടതുവശത്തും താഴ്ഭാഗത്ത് വലതു വശത്തുമായിരിക്കും നോട്ടിന്റെ നമ്പറുകള്‍. നോട്ടിന്റെ മറുവശത്താണ് ഹംപിയിലെ ചരിത്രസ്മാരകമായ തേരിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ഇടതുവശത്തായി നോട്ട് പുറത്തിറങ്ങുന്ന വര്‍ഷം രേഖപ്പെടുത്തിയിരിക്കും. സ്വച്ഛ് ഭാരത് ലോഗോ, വിവിധ ഭാഷകളിലുള്ള നോട്ടിന്റെ മൂല്യം എന്നിവയും ഉണ്ടായിരിക്കും.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് റിസര്‍വ്വ് ബാങ്ക് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കുകയും പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ചെറിയ തുകയുടെ നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ 50 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചത്. പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും മൂല്യം കുറഞ്ഞ ചെറിയ നോട്ടുകളാണ് സര്‍ക്കാര്‍ കൂടുതലായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അടുത്തിടെ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top