അധികാര ദുര്‍വിനിയോഗം നടത്തി സ്വന്തം റിസോര്‍ട്ടിലേയ്ക്കുള്ള റോഡ് ടാര്‍ ചെയ്യുകയും കായല്‍ കൈയേറുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധത്തിന് തയാറെടുക്കുന്നു. ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടങ്ങുന്നത്. ഈ മാസം 19ന് മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഡിസിസി അധ്യക്ഷന്‍ എം.ലിജു അറിയിച്ചു.
കുട്ടനാട്ടില്‍ മന്ത്രിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയെന്നുമാണ് ആരോപണം. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് എന്തുമാകാമെന്നാണ് മന്ത്രി കരുതുന്നതെന്നും ശക്തമായ പ്രതിഷേധം തുടങ്ങുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.