മെഡിക്കല്‍ വിദ്യാഭ്യാസ മുന്‍ ഡയറക്ടറും പ്രശസ്ത ഡോക്ടറുമായ എം. ബലരാമന് നായര്‍ അന്തരിച്ചു. സ്വവസതിയായ ഉള്ളൂര്‍ ഗാര്‍ഡന്‍സ്, ഉത്തമയില് രാവിലെ 5 മണിക്കായിരുന്നു അന്ത്യം. തിരുവന്തപുരം, കോഴിക്കോട്, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ മുന്‍ പ്രിന്‍സിപ്പാലായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ചില്‍ നിന്ന് എം.ബി.ബി.എസ് പാസായി. തുടര്‍ന്ന് അവിടെ തന്നെ പാത്തോളജി വിഭാഗത്തില്‍ ജോലിചെയ്തു. പിന്നീട് കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ടിച്ചു. 1987ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറായി അദ്ദേഹം വിരമിച്ചു. വിരമിച്ച ശേഷം കോയമ്പത്തൂരിലെ പി.എസ്.ജി മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിച്ചു. തിരുവനന്തപുരത്ത് ഡി.ഡി.ആര്.സി.യിലെ ഡയറക്ടറും സി.ഇ.ഒ.യും കൂടിയായിരുന്നു അദ്ദേഹം.
വിജയമാണ് ഭാര്യ. തങ്കം, ഉഷ, മായ എന്നിവര്‍ മക്കളാണ്. തിങ്കളാഴ്ച രാവിലെ 9 മുതല്‍ 9.30 മണി വരെ മെഡിക്കല്‍ കോളേജില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷം 11 മണിക്ക് ശാന്തികവാടത്തില്‍ സംസ്കരിക്കും.