Home app

കേരളത്തിനെതിരെ ആസൂത്രിതമായ ആക്രമണമണത്തിനെതിരെ മലയാളികള്‍ ഒറ്റക്കെട്ടായി മുന്‍പോട്ട് വന്നത് അപൂര്‍വ അനുഭവമായെന്ന് മുഖ്യമന്ത്രി

രാജ്യത്തിന്റെ അഭിമാനമായ കേരളത്തിനെതിരെ ആസൂത്രിതമായ ആക്രമണമുണ്ടായപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തു വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ കലാപഭൂമിയായി ചിത്രീകരിക്കാനുള്ള ആര്‍.എസ്.എസിന്റേയും ബിജെപിയുടേയും ശ്രമങ്ങള്‍ക്ക് ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്തുനില്‍പ്പ് അപൂര്‍വ അനുഭവമായെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരത്ത് ആര്‍.എസ്.എസ് നേതാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. പിന്നാലെ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി കേരളം സന്ദര്‍ശിച്ചതും ദേശീയ തലത്തില്‍ വാര്‍ത്തയായി. കേരളത്തിനെതിരെ ഇത്തരത്തിലൊരു പ്രചാരണം നടക്കുമ്പോള്‍ ഡല്‍ഹിയിലെ പ്രധാന പത്രങ്ങളില്‍ ‘കേരളം ഒന്നാമത്’ എന്ന മുഴുപ്പേജ് പരസ്യം നല്‍കി. കേരളത്തിനെതിരെ ഉത്തരന്ത്ര്യയില്‍ നിന്നും ആസൂത്രിത ആക്രമണങ്ങള്‍ നടക്കുന്നതിനേക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ കൂടി പരാമര്‍ശിച്ച് പിണറായി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.

മലയാളികളുടെ കൂട്ടായ ഇടപെടലിന്റെ ഫലമായി സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആസൂത്രിത പ്രചാരണവും ഡല്‍ഹി ആസ്ഥാനമായുള്ള ഒരു വിഭാഗം സ്‌പോണ്‍സേര്‍ഡ് മുഖ്യധാരാമാധ്യമങ്ങള്‍ സൃഷ്ടിച്ച നുണക്കഥകളും ഒന്നൊന്നായി പൊളിച്ചടുക്കപ്പെട്ടുവെന്നും മുഖ്യമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

പുരോഗതിയുടെ അസുലഭ തിളക്കവുമായി രാജ്യത്തിന്റെ അഭിമാനമായി നിലക്കൊള്ളുന്ന കേരളത്തെ വര്‍ഗീയ കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കുന്നതിനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും കുത്സിത ശ്രമങ്ങള്‍ക്ക് നേരെ ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്തു നില്‍പ്പ് അപൂര്‍വമായ അനുഭവമായിരുന്നു.
കേരളം ആക്രമിക്കപ്പെടുന്നു എന്ന പ്രതീതി ഉയര്‍ന്നപ്പോള്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തു വന്നു, ഞങ്ങളുടെ കേരളം നന്മയുടെ നാടാണ്, പുരോഗതിയുടെയും നേരിന്റെയും വിളനിലമാണ്, ഈ നാട് ഒന്നാമതാണ് എന്നാണു ഒരേശബ്ദത്തില്‍ മലയാളികള്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. പ്രത്യേകിച്ച് ആരും ആഹ്വാനം ചെയ്യാതെയുള്ള കൂട്ടായ്മയാണ് രൂപപ്പെട്ടത്.
ഈ കൂട്ടായ ഇടപെടലിന്റെ ഫലമായി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള കേരളത്തിനെതിരായ ആസൂത്രിത പ്രചാരണവും ദല്‍ഹി ആസ്ഥാനമായുള്ള ഒരു വിഭാഗം സ്പോണ്‍സേര്‍ഡ് മുഖ്യധാരാമാധ്യമങ്ങള്‍ സൃഷ്ടിച്ച നുണക്കഥകളും ഒന്നൊന്നായി പൊളിച്ചടുക്കപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന സ്വാഭാവികമായ പ്രതികരണങ്ങളിലൂടെയാണ് ഇത് സാധിച്ചത് എന്നത് പ്രത്യാശാ നിര്ഭരമാണ്. കേരളത്തിന്റെ നേട്ടങ്ങളെ താറടിച്ചു കാട്ടാനും രാജ്യത്തെ ഏറ്റവും മികച്ച ജനാധിപത്യ സമൂഹത്തെ തകര്‍ക്കാനുമുള്ള ആസൂത്രിത രാഷ്ട്രീയ പദ്ധതിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെങ്ങും ഉള്ള മലയാളികള്‍ നേരിട്ട വിധം ആവേശം കൊള്ളിക്കുന്നതാണ്. സൈബര്‍ മേഖലയിലെ ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല, സാധാരണ രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായി ഇടപെടാത്തവരും കക്ഷി രാഷ്ട്രീയ ബന്ധങ്ങളില്ലാത്തവരും ഈ ഇടപെടലില്‍ മുന്നില്‍ തന്നെ നിന്നു.
ആശയവിനിമയരംഗത്ത് ചടുലമായ പരിവര്‍ത്തനങ്ങളും അത്ഭുതകരമായ നേട്ടങ്ങളും കൈവരിക്കാന്‍ സോഷ്യല്‍ മീഡിയ ഉപകരിച്ചിട്ടുണ്ടെങ്കിലും അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തി സ്വാര്‍ത്ഥ -സങ്കുചിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാല്‍ളള ഉപകരണമായി ഈ സാധ്യതയെ ദുരുപയോഗം ചെയ്യുന്നത് അപകടകരായ പ്രവണതയാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും വിദ്വേഷവും അധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്.
ഭാവിയിലും നമ്മുടെ നാടിനു നേരെ ഉയരുന്ന ഏതാക്രമണത്തെയും ഐക്യത്തോടെ പ്രതിരോധിക്കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ തികഞ്ഞ ഗൗരവത്തോടെ, ഭാവനാ പൂര്‍ണ്ണമായി ഈ കാര്യങ്ങളില്‍ ഇടപെടുന്ന സുഹൃത്തുക്കള്‍ അടങ്ങിയ ഒരു ബൗദ്ധിക കൂട്ടായ്മ (Think Tank) പ്രവര്‍ത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top