Home app

ദിലീപിന്റെ ആദ്യ വിവാഹം സംബന്ധിച്ച് അന്വേഷണമില്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയം. മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ദിലീപ് ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച് അന്വേഷണം നടക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കേസുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ അന്വേഷിക്കുന്നില്ലെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

ദിലീപ് ബന്ധുവായ യുവതിയെ വിവാഹം കഴിച്ചിരുന്നെന്നും പിന്നീട് വിവാഹമോചനം നേടുകയായിരുന്നു എന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ആലുവ ദേശത്തെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തില്‍ മിമിക്രി താരം അബിയും സാക്ഷിയായിരുന്നെന്നും അബിയെ അന്വേഷണ സംഘം ചോദ്യം ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, വിവാഹത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും താനതില്‍ യാതൊരുവിധത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും പോലീസ് ചോദ്യം ചെയ്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അബി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു വിവാഹം രജിസ്റ്റര്‍ ചെയ്തതായി ദേശത്തുള്ള ചെങ്ങമനാട് സബ് രജിസ്ട്രാര്‍ ഓഫീസിലും രേഖകളില്ല.

1982 മുതലുള്ള രേഖകള്‍ തങ്ങള്‍ പരിശോധിച്ചെങ്കിലും ഇതുസംബന്ധിച്ച രേഖകളൊന്നും ലഭിച്ചില്ലെന്ന് ചെങ്ങമനാട് സബ് രജിസ്ട്രാര്‍ പ്രദീപ് കുമാര്‍ എസ് പറഞ്ഞു. മറ്റെവിടെയെങ്കിലും വെച്ച് വിവാഹം നടന്നിട്ടുണ്ടോ എന്നറിയില്ല. ഇവിടെ ഇത്തരമൊരു വിവാഹം നടന്നതിന്റെ രേഖയൊന്നുമില്ല. പോലീസ് ഇതു സംബന്ധിച്ച് ഇവിടെ ഒരു വിധത്തിലുമുള്ള അന്വേഷണവും നടത്തിയിട്ടില്ലെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top