നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ധിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. നടിയെ അക്രമിക്കുന്നത് സംബന്ധിച്ച് മുന്‍കൂര്‍ അറിയാമായിരുന്നോ എന്നും അന്വേഷണസംഘം തിരക്കി.
കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പാണ് അന്വേഷണ സംഘം സിദ്ധിഖിനെ ചോദ്യം ചെയ്തത്. ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ജൂണ്‍ 28 ന് സിദ്ധിഖ് ആലുവ പൊലീസ് ക്ലബ്ബിലെത്തിയിരുന്നു. ഇത് സിദ്ധിഖിനെ ആരെങ്കിലും പറഞ്ഞുവിട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഇതില്‍ വ്യക്തത വരുത്തുവാന്‍ അന്വേഷണ സംഘം ശ്രമിച്ചു. എന്നാല്‍ ആരും പറഞ്ഞുവിട്ടതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് പൊലീസ് ക്ലബ്ബില്‍ വന്നതെന്നും സിദ്ധിഖ് മൊഴി നല്കി. ദിലീപിന്റെ കാക്കനാട്ടെ സ്ഥാപനത്തില്‍ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ച് എത്തിയിരുന്നോ എന്നും അന്വേഷണസംഘം തിരക്കി. എന്നാല്‍ അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് സിദ്ധിഖ് മറുപടി പറഞ്ഞത്.
ആവശ്യമെങ്കില്‍ വീണ്ടും സിദ്ധിഖിനെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിച്ചേക്കുമെന്ന് സിദ്ധിഖിനെ അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സിനിമാ താരങ്ങളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.