Breaking News

സിൽവർ ലൈനിലെ അനുമതി ഡിപിആർ തയ്യാറാക്കാൻ; ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി:സില്‍വര്‍ ലൈന്‍ പദ്ധതിക്കായി നിലവില്‍ ഭൂമിയേറ്റെടുക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണ്. പദ്ധതിച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നതില്‍ ഒതുങ്ങില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് വലിയതോതില്‍ ആശങ്കയുണ്ടെന്നും അശ്വനി വൈഷ്ണവ് ലോക്സഭയില്‍ അറിയിച്ചു.

കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനുമാണ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിച്ചത്. നിലവിൽ പദ്ധതിക്ക് പ്രാഥമിക അംഗീകാരം മാത്രമാണ് നൽകിയത്. അതിനർഥം പദ്ധതിക്കു വേണ്ട തയാറെടുപ്പുകൾ നടത്തുക, റിപ്പോർട്ട് തയാറാക്കുക, വിശദമായ ഡിപിആർ തയാറാക്കുക, സാധ്യതാ പഠനം നടത്തുക തുടങ്ങിയ കാര്യങ്ങളാണ്. ഇതിനർഥം റെയിൽവേയുടെ ഭൂമി ഈ പദ്ധതിക്കായി നൽകുമെന്നോ ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാരിനു മുന്നോട്ടു പോകാമെന്നോ അല്ല.

പദ്ധതിയെക്കുറിച്ച് മെട്രോമാൻ ഇ.ശ്രീധരൻ വലിയ ആശങ്ക അറിയിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്കകളും പരിഗണിക്കും. പാരിസ്ഥിതകമായ ആശങ്കകളും മുഖവിലയ്ക്കെടുക്കും. അതിനുശേഷം പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ടു കൂടി ലഭിച്ചശേഷം മാത്രമേ കേന്ദ്ര സർക്കാർ ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കൂ.സിൽവർലൈൻ പദ്ധതിയെച്ചൊല്ലി ലോക്സഭയിൽ എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടി. പദ്ധതിയെ എതിർത്ത് യുഡിഎഫ് എംപിമാർ സംസാരിച്ചപ്പോൾ പദ്ധതിക്ക് അനുകൂലിച്ച് എ.എം.ആരിഫ് എംപി സംസാരിച്ചു. പദ്ധതി ആദ്യം കേന്ദ്ര റെയിൽവേയുടെ ഭാഗമായിരുന്നെന്നും പിന്നീട് രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി കേന്ദ്ര സർക്കാർ വികസന വിരുദ്ധമായ നടപടി സ്വീകരിക്കുകയായിരുന്നെന്നും ആരിഫ് ആരോപിച്ചു. എന്നാൽ ഇതിന്റെ രാഷ്ട്രീയ വശത്തേക്കു കടക്കാൻ റെയിൽവേ മന്ത്രാലയം താൽപര്യപ്പെടുന്നില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാധ്യതാ പഠന റിപ്പോർട്ട് അടിസ്ഥാനമാക്കി മാത്രമാകും സർക്കാർ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top