മലപ്പുറം: സ്വകാര്യ ബസിൻ്റെ മുൻ ചക്രം കയറി വിദ്യാർത്ഥി മരിച്ചു. രാവിലെ 8.30 ഓടെ വണ്ടൂർ മണലിമ്മൽ പാടം ബസ് സ്റ്റാൻ്റിലാണ് അപകടം. മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകൻ മമ്പാട് ജിവിഎച്ച്എസിൽ +2 വിന് പഠിക്കുന്ന നിതിൻ (17)ആണ് മരിച്ചത്.
കാളികാവ് കോഴിക്കോട് റൂട്ടിലോടുന്ന കെ.പി ബ്രദേഴ്സ്, ബസ്റ്റാൻ്റിലെ ട്രാക്കിൽ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.ട്രാക്കിൽ നിൽക്കുകയായിരുന്ന നിധിന്റെ ശരീരത്തിലൂടെ ബസിന്റെ മുൻവശത്തെ ടയറുകൾ കയറിയിറങ്ങി. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ നിധിനെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ വണ്ടൂർ നിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിഷയാണ് നിധിന്റെ അമ്മ. ഷിജിൻ, ശിവാനി എന്നിവർ സഹോദരങ്ങളാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)