Breaking News

തൻ്റെ കൈയ്യിൽ നയാപൈസയില്ല,ധൂ‍ർത്തടിച്ചെന്നു മോൻസൻ ക്രൈംബ്രാഞ്ചിനോട്

തിരുവനന്തപുരം: നയാപൈസ കൈയ്യിൽ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ. പണമെല്ലാം ധൂ‍ർത്തടിച്ചെന്നാണ് മോൻസൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോൻസൻ പറഞ്ഞു. അതേസമയം, ബാങ്ക് വഴി കൈപ്പറ്റിയ തുക പ്രതി സമ്മതിച്ചു. തട്ടിപ്പ് പണമുപയോഗിച്ച് പലയിടത്തുനിന്ന് പുരാവസ്തുക്കൾ വാങ്ങിയെന്ന് അവകാശവാദം. പാസ്പോർട്ടില്ലെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

തട്ടിപ്പുപണംകൊണ്ട് പളളിപ്പെരുനാൾ നടത്തി, ഇതിനായി ഒന്നരക്കോടി ചെലവായി. വീട്ടുവാടക മാസം അൻപതിനായിരം രൂപയും കറന്‍റ് ബില്ല് ശരാശരി പ്രതിമാസം മുപ്പതിനായിരം രൂപയും ചെലവാക്കി. സ്വകാര്യ സുരക്ഷയ്ക്കുൾപ്പെടെ ശരാശരി മാസച്ചെലവ് ഇരുപത്തിയഞ്ച് ലക്ഷം വരുമെന്നും മോൻസൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. തട്ടിപ്പുപണംകൊണ്ട് കാറുകൾ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നല്‍കി. പണം തന്നവ‍ർക്ക് പ്രതിഫലമായി കാറുകൾ നൽകി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോർഷെ, ബി എം ഡബ്യൂ കാറുകൾ നൽകിയെന്നാണ് മൊഴി. 100 രാജ്യങ്ങൾ സന്ദർശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പാസ്പോർട്ടില്ലാതെയാണ് മോൻസൻ പ്രവാസി സംഘടനാ രക്ഷാധികാരിയായത്.

അതേസമയം, മോൺസണിൻ്റെ ശബ്ദ സാമ്പിൾ ഇന്ന് ശേഖരിക്കും. പരാതിക്കാരുമായുള്ള സംഭാഷണത്തിലെ ശബ്ദം ഉറപ്പുവരുത്താനാണിത്.

ചേർത്തലയിലെ മോൻസൻ്റ വീട്ടിലെ റെയ്ഡിൽ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകൾ പിടിച്ചെടുത്തു. ഭാര്യ, രണ്ട് മക്കൾ എന്നിവരുടെ അക്കൗണ്ട് രേഖകളാണ് പിടിച്ചെടുത്തത്. ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതിനിടെ, തട്ടിപ്പിനിരയായവരെ കേസിൽ നിന്ന് പിൻവലിപ്പിക്കാൻ മോൻസൻ മാവുങ്കൽ ശ്രമിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. കെ സുധാകരൻ എംപിയടക്കമുളള ഉന്നത രാഷ്ടീയ നേതാക്കളുമായി തനിക്കുളള അടുപ്പത്തെക്കുറിച്ചാണ് ഇവരോട് വിശദീകരിക്കുന്നത്. റിസർവ് ബാങ്ക് തടഞ്ഞുവെച്ചിരിക്കുന്ന ശതകോടികൾ കിട്ടിയാൽ ഏഷ്യയിലെ ഏറ്റവും വലിയ ബിസിനസുകാരൻ താനാണെന്നും കേസ് കൊടുക്കും മുമ്പ് അക്കാര്യം ഓർക്കണമെന്നുമാണ് മോൻസൻ ഇവരോട് പറയുന്നത്.

കേന്ദ്രസർക്കാരിൽ തനിക്കുള്ള സ്വാധീനത്തെക്കുറിച്ച് പറഞ്ഞാണ് മോൻസൻ പരാതിക്കാരെ പിൻതിരിക്കാൻ മറ്റൊരു ശ്രമം നടത്തുന്നത്. കേരളത്തിലെ മുഖ്യമന്ത്രിക്ക് പോലുമില്ലാത്തെ ഡിപ്ലോമാറ്റിക് സൗകര്യം തനിക്കുണ്ടെന്നാണ് വീമ്പ്. പണം നൽകിയവരെ ചൊൽപ്പടിക്കുനി‍ർത്താനാണ് മോൻസൻ ഈ തന്ത്രങ്ങൾ പ്രയോഗിച്ചതെന്നാണ് കരുതുന്നത്. പണം നഷ്ടപ്പെട്ടവർ പരാതിയുമായി പോകുന്നത് മണത്തറിഞ്ഞാണ് മോൻസന്‍റെ ഈ നീക്കങ്ങൾ.

അതേസമയം, മോൺസണെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുരയാണ് ക്രൈംബ്രാഞ്ച്. തെളിവെടുപ്പിന് വിവിധ സ്ഥലങ്ങളിൽ പോകേണ്ടതുണ്ട്. മോൺസൺ മാവുങ്കലിന്‍റെ ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ട് നാലരക്ക് മുമ്പ് കോടതിയിൽ ഹാജരാക്കുമ്പോള്‍ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ 3 ദിവസമായി ക്രൈംബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top