Breaking News

തീവ്രവാദ സ്വഭാവങ്ങളിലേക്ക് വിദ്യാർഥിനികളെ ആകര്‍ഷിക്കാന്‍ കോളേജുകളിൽ ശ്രമം നടക്കുന്നുവെന്ന് സിപിഎം

Photo:Rejeesh TVM

തിരുവനന്തപുരം: തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് സി പി എം.പ്രൊഫഷണല്‍ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥിനികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കാനും ശ്രമം നടക്കുന്നു എന്ന് സിപിഎം. സമ്മേളനങ്ങള്‍ക്കുള്ള ഉദ്ഘാടന കുറിപ്പിലാണ് ഈ പരാമര്‍ശം.

താലിബാനെ പോലുള്ള സംഘടനകളെ പിന്തുണക്കുന്ന ചര്‍ച്ചകളും ഉയരുകയാണ്. മുസ്ലീങ്ങള്‍ക്കെതിരെ ക്രിസ്ത്യാനി വിഭാഗങ്ങളെ തിരിച്ചുവിടാനും ശ്രമങ്ങള്‍ തുടങ്ങി. ക്രൈസ്തവരില്‍ ചെറിയ വിഭാഗത്തിന് മേലുണ്ടായ വര്‍ഗീയ സ്വാധീനം ഗൗരവത്തോടെ കാണണമെന്നും സി പി എം കുറിപ്പില്‍പറയുന്നു.‌

ആരാധനാലയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ ഇടപെടണം, വിശ്വാസത്തെ ബഹുമാനിക്കണം, വര്‍ഗീയവാദികളുടെ കൈയ്യിലേക്ക് വിശ്വാസികളെ കൊണ്ടുപോകാനിട വരുത്തരുത്, ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ വര്‍ഗീയ പ്രചരണത്തെ തടയാന്‍ അവിടെ ഇടപെടണമെന്നും  തുടങ്ങിയ പരാമര്‍ശങ്ങളും കുറിപ്പില്‍ അടങ്ങിയിട്ടുണ്ട്.

ആശയപരമായ പ്രചരണങ്ങളിലാണ് ജമാഅത്തെ ഇസ്സാമി ഊന്നുന്നത്. അധികാരത്തിനു വേണ്ടി ഏതു വര്‍ഗീയ ശക്തിയുമായും ചേരുന്ന കോണ്‍ഗ്രസിന്റെ നയമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തിലേക്ക് നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും ഒളിഞ്ഞും തെളിഞ്ഞും ആ ബാന്ധവം തുടര്‍ന്നു. ഇതിനെ തുറന്നു കാട്ടണമെന്ന് സിപിഎം നിര്‍ദേശിക്കുന്നു.

 

ക്രൈസ്തവ ജന വിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടു വരാറില്ല. എന്നാല്‍ അടുത്തകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവമായി കാണണം. മുസ്ലീം ജന വിഭാഗത്തിനെതിരെ ക്രിസ്ത്യന്‍ ജന വിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇടപണം. ഇത്തരം ചിന്താഗതികള്‍ ആത്യന്തികമായി ഭൂരിപക്ഷ വര്‍ഗീയതയ്ക്കാണ് നേട്ടമാകുക എന്നും തിരിച്ചറിയണമെന്നും സിപിഎം.

ക്ഷേത്രങ്ങളില്‍ നിന്നു വിട്ടു നിന്നല്ല, ക്ഷേത്രങ്ങളില്‍ ഇടപെട്ടും വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിച്ചുമാകണം ബിജെപിയെ പ്രതിരോധിക്കേണ്ടത് എന്നാണ് സിപിഎം കാഴ്ചപ്പാട്. ബിജെപി ഓരോ പ്രദേശത്തും എങ്ങനെയാണ് വേരുറപ്പിച്ചിട്ടുള്ളതെന്നും അവര്‍ ഓരോ പ്രവര്‍ത്തനങ്ങളെ എങ്ങനെ വ്യാപിപ്പിക്കുന്നു എന്നതും പരിശോധിച്ച്‌ ആവശ്യമായ ഇടപെടല്‍ നടത്തണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിക്കുകയും കാലഹരണപ്പെട്ട വിശ്വാസങ്ങളെ പലതിനെയും തിരിച്ചുകൊണ്ടു വരികയും അതിന്റെ മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്താണ് ബിജെപി പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

ക്ഷേത്ര വാര്‍ഡുകളില്‍ അവര്‍ തുടര്‍ച്ചയായി ജയിക്കുന്നത് ഇതിന്റെ ഭാഗമാണ്. ക്ഷേത്ര വിശ്വാസികളെ വര്‍ഗീയവാദികളുടെ പിന്നില്‍ അണിനിരത്തുന്ന രീതി ഇല്ലാതാക്കുന്നതിന് കഴിയുന്നവിധം ആരാധാനലായങ്ങളില്‍ ഇടപെടണം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുകയും അതേസമയം വര്‍ഗീയവാദികളുടെ കൈകളിലേക്ക് അവരെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന വിധമാകണം ഇടപെടലുകള്‍. സംഘപരിവാറിന്റെ അജണ്ടഡകള്‍ സമൂഹത്തില്‍ വര്‍ഗീയവത്കരണത്തിന് ഇടയാക്കുന്നെന്ന കാര്യം പ്രചരിപ്പിക്കാന്‍ കഴിയണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top