Breaking News

രണ്ടു തവണ മത്സരിച്ചവർക്ക് അവസരമില്ലെങ്കിൽ സിപിഐഎമ്മില്‍ മാറിനില്‍ക്കേണ്ടി വരിക മന്ത്രിമാരുൾപ്പെടെയുള്ളവർ

തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ചർച്ചകൾക്ക് തുടക്കമിട്ട് സിപിഐഎം. രണ്ടു തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ല എന്നാണ് പൊതുവികാരം. എന്നാൽ ഇതുസംബന്ധിച്ച തീരുമാനം വിജയ സാധ്യതകൾ മുൻനിർത്തി മാത്രമായിരിക്കും. സ്ഥാനാർഥി നിർണയം പ്രചാരണജാഥയ്ക്ക് ശേഷമാകും നടത്തുക. കേരള കോൺഗ്രസിന്റെയും എൽജെഡിയുടെയും സീറ്റുകളുടെ കാര്യത്തിൽ സിപിഐഎം വിട്ടുവീഴ്ച ചെയ്യും.

ശബരിമല സ്ത്രീ പ്രവേശന വിഷയം വീണ്ടും ചർച്ച ആക്കാനുള്ള യുഡിഎഫ് കെണിയിൽ വീഴേണ്ട എന്ന് സിപിഎം തീരുമാനിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അതിൽ അഭിപ്രായം പറയേണ്ട എന്നാണ് നിലപാട്.

അധികാരത്തിലെത്തിയാൽ ശബരിമലയുടെ കാര്യത്തിൽ നിയമനിർമാണം നടത്തുമെന്ന് ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല ഒരു വിഷയമാക്കാൻ തന്നെയാണ് യുഡിഎഫ് തീരുമാനം.

രണ്ടുടേം സാമാജികരായവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സിപിഐഎം ഒഴിവാക്കിയാല്‍ മാറിനില്‍ക്കേണ്ടി വരിക മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖര്‍. സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയ വി.എസ്. അച്യുതാനന്ദന്‍ മാത്രമാണ് വീണ്ടും മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പുള്ളത്. അനിവാര്യമായ സാഹചര്യത്തില്‍ രണ്ടുടേം നിബന്ധനയില്‍ ഇളവ് നല്‍കുമെങ്കിലും പരമാവധി നടപ്പിലാക്കാനാണ് സിപിഐഎം തീരുമാനം.

തുടര്‍ച്ചയായി നാലുവട്ടം മലമ്പുഴയില്‍ നിന്നും വിജയിച്ച വി.എസ്.അച്യുതാനന്ദന്‍ ഇക്കുറി മത്സരരംഗത്തുണ്ടാവില്ല. മന്ത്രിമാരില്‍ എ.കെ.ബാലന്‍, ജി.സുധാകരന്‍, ടി.എം.തോമസ് ഐസക്ക്, ഇ.പി.ജയരാജന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ രണ്ടും അതിലേറേയും ടേം പൂര്‍ത്തിയാക്കിയവരാണ്. ഇവരില്‍ ആരൊക്കെ ഇക്കുറി കളത്തിലുണ്ടാവുമെന്ന് കാത്തിരുന്നു കാണണം. സ്വതന്ത്രനാണെങ്കിലും കെ.ടി.ജലീലും ടേംപരിധി പിന്നിട്ടു.

ആറ്റിങ്ങലില്‍ ബി.സത്യനും കൊട്ടാരക്കരില്‍ ഐഷ പോറ്റിയും ചാലക്കുടിയില്‍ ബി.ഡി. ദേവസിക്കും ബാലുശേരിയില്‍ പുരുഷന്‍ കടലുണ്ടിയും പയ്യന്നൂരില്‍ സി.കൃഷ്ണനും കൊയിലാണ്ടിയില്‍ കെ.ദാസനും കല്യാശേരിയില്‍ ടി.വി.രാജേഷിനും തളിപ്പറമ്പ് ജയിംസ് മാത്യുവിനും ഉദുമയില്‍ കെ.കുഞ്ഞിരാമനും ടേം നിബന്ധന പാലിച്ചാല്‍ ഇക്കുറി സീറ്റ് ലഭിച്ചേക്കില്ല.

മാവേലിക്കരയില്‍ ആര്‍.രാജേഷ്, റാന്നിയില്‍ രാജു ഏബ്രഹാം, ദേവികുളത്ത് എസ്.രാജേന്ദ്രന്‍, വൈപ്പിനില്‍ എസ്.ശര്‍മ്മ, ഗുരുവായൂര്‍ കെ.വി.അബ്ദുള്‍ ഖാദര്‍, പൊന്നാനിയില്‍ പി.ശ്രീരാമകൃഷ്ണന്‍, കോഴിക്കോട് നോര്‍ത്ത് എ.പ്രദീപ് കുമാര്‍ എന്നിവര്‍ രണ്ടോ അതിലധികമോ ടേമുകളായി വിജയിക്കുന്നുണ്ടെങ്കിലും പ്രാദേശികസാഹചര്യം കൂടി കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ഇളവ് ലഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരേയും വിവിധ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്

 

അതേസമയം യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം ചർച്ചാവിഷയം ആക്കാനാണ് സിപിഎം തീരുമാനം. ഈ നീക്കം മുസ്ലീങ്ങൾക്ക് എതിരല്ല എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top