Kerala

ബഡായി ബജറ്റ്, വാഗ്ദാനങ്ങള്‍ വാരി വിതറി വീണ്ടും ജനങ്ങളെ വഞ്ചിച്ചിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:കഴിഞ്ഞ ബഡ്ജറ്റുകളില്‍  നൂറുക്കണക്കിന്  പൊള്ളായായ വാഗ്ദാനങ്ങള്‍ നല്‍കിയ ജനങ്ങളെ കബളിപ്പിച്ച തോമസ് ഐസക് തിരഞ്ഞെടുപ്പ് വര്‍ഷം വാഗ്ദാനങ്ങള്‍  വാരി വിതറി വിണ്ടും ജനങ്ങളെ  വഞ്ചിച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബജറ്റ് അവലോകന വാർത്താ സമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ വിമർശനം.

ഇത്  ഒരു  ബഡായി ബഡ്ജറ്റ് മാത്രമാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അത് നടന്നില്ല.

ഇപ്പോള്‍ 5 വര്‍ഷം കൊണ്ട്   ഡിജിറ്റല്‍ മേഖലയില്‍  മാത്രം 20 ലക്ഷം പേര്‍ക്ക്  തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത് 5 വര്‍ഷം  കൊണ്ട്  പ്രൊഫഷണല്‍ രംഗത്ത് 20 ലക്ഷം പേര്‍ക്ക് തൊഴില്‍  നല്‍കുമെന്നും പ്രഖ്യാപിക്കുന്നു.  ഇത് തട്ടിപ്പാണ്.

 അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പാക്കനായത്  കൊണ്ടാണ് അപ്രായോഗികമായ ഇത്തരമൊരു ബജറ്റ് ഐസക് അവതരിപ്പിച്ചത്.  നിയമസഭയുടെ മുന്നേകാല്‍ മണിക്കൂര്‍ സമയം  വെറുതെ പാഴാക്കി.

യഥാര്‍ത്ഥ്യബോധം തീരെ ഇല്ലാത്ത ബഡ്ജറ്റുകളാണ് ഐസക് അവതിപ്പിച്ചിട്ടുള്ളത്.

ഇത്തവണയും അത് തന്നെയാണ്. കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍   പ്രഖ്യാപിക്കുകയും അത് നടപ്പാക്കാതിരിക്കുകയും  ചെയ്യുന്നതാണ് സ്ഥിരം പരിപാടി.

ബജറ്റ് എന്ന പ്രക്രിയയെ തന്നെ പ്രഹസനമാക്കി മാറ്റുകയാണ് ഐസക്ക് ചെയ്തത്.

കമ്മി  പൂര്‍ണ്ണമായി  അവസാനിപ്പിക്കുമെന്നാണ് ഐസക് അഞ്ച്  വര്‍ഷം മുമ്പ്   പ്രഖ്യാപിച്ചത് പക്ഷെ അത്  നടപ്പിലായില്ല. പകരം കമ്മി  വര്‍ധിക്കുകയാണ് ചെയ്തത്.

 2020-21 ല്‍ 15201 കോടി രൂപ റവന്യൂകമ്മി ഉണ്ടാകുമെന്നാണ്  ഐസക് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രവചിച്ചത്. പക്ഷെ കമ്മി ഉണ്ടായത് 24206 കോടി. കമ്മി ലക്കും ലഗാനുമില്ലാതെ കുതിച്ച് ഉയരുകയാണ് ചെയ്തത്.

21-22 ല്‍ റവന്യു കമ്മി പ്രതീക്ഷിക്കുന്നത് തന്നെ 16910 കോടിയാണ്. 3 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത. ഈ സര്‍ക്കാര്‍ വരുമ്പോള്‍ 1.57 ലക്ഷം കോടിയായിരുന്നു. കടംവാങ്ങിക്കൂട്ടി  സംസ്ഥാനത്തെ മുടിക്കുകയാണ് ചെയ്തത്.

തകര്‍ന്നു കിടക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചെപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും ഈ ബഡ്ജറ്റിലില്ല. കോടിക്കണക്കിന് രൂപയുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. പക്ഷേ അതിനുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍ പറയുന്നില്ല.

 കോവിഡ് കാലത്ത് ജനങ്ങളുടെ കയ്യില്‍ കൂടുതല്‍ പണം എത്തേണ്ടതായിരുന്നു. അതിനായി ഒന്നും ബഡ്ജ്റ്റില്‍ ഇല്ല.

റബറിന്റെ താങ്ങുവില 150 ല്‍ നിന്ന് 170 ആക്കിയത് അപര്യാപ്തമാണ്. 20 രൂപയാണ് ആകെ വര്‍ദ്ധിപ്പിച്ചത്. ഇത് വഞ്ചനയാണ്. 250 രൂപയായെങ്കിലും വര്‍ധിപ്പിക്കണ്ടതായിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓട്ടേറെ പാക്കേജുകള്‍  പ്രഖ്യാപിച്ചിരുന്നു. അവ ഒന്നും നടപ്പാക്കിയില്ല.

5000 കോടിയുടെ ഇടുക്കി പാക്കേജ്, രണ്ട്  ബഡ്ജറ്റുകളിലായി 3400 കോടിയുടെ കുട്ടനാട് പാക്കേജ്, 2000 കോടിയുടെ വയനാട് പാക്കേജ് തുടങ്ങിയവ നേരത്തെ  പ്രഖ്യാപിച്ചവയാണ്. അത് നടന്നില്ല

 ഇപ്പോള്‍ കുട്ടനാട് പാക്കേജിന് വീണ്ടും ഒരു 2400 കോടി കൂടി   പ്രഖ്യാപിച്ചിരിക്കുന്നു.

മല്‍സ്യത്തൊഴിലാളികള്‍ക്ക് നേരത്തെ  പ്രഖ്യാപിച്ച പാക്കേജുകളൊന്നും നടന്നില്ല. ഇപ്പോള്‍ 1700 കോടിയുടെ   പുതിയ  പദ്ധതികള്‍   പ്രഖ്യാപിച്ചിരിക്കുകയാണ്.   കടല്‍ തീരത്തുള്ള വരെ മാറ്റി  പാര്‍പ്പിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ച പദ്ധതി എങ്ങും എത്തിയില്ല. പക്ഷെ മല്‍സ്യത്തൊഴിലാളികള്‍ക്ക്  10,000 വീടുനല്‍കുമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ച് അവരെ വഞ്ചിക്കുകയാണ്.

കശുവണ്ടി മേഖല തകർന്നു കിടക്കുന്നു.  എല്ലാ ഫാക്ടറികളും തുറക്കുമെന്നാണ്  നേരത്തെ   പ്രഖ്യാപിച്ചതെങ്കിലും നടന്നില്ല. ഇപ്പോഴാകട്ടെ  5000 തൊഴിലാളികള്‍ക്ക് ജോലി  നല്‍കുമെന്ന്  പ്രഖ്യാപിച്ചിരിക്കുന്നു.  അത് തട്ടിപ്പാണ്.

ആന്ധ്രയില്‍ കശുമാവ് കൃഷി നടത്തുമെന്ന് കഴിഞ്ഞ ബഡ്ജറ്റുകളില്‍ ആവര്‍ത്തിച്ച്  പ്രഖ്യാപിച്ചിരുന്നു. അത് നടന്നില്ല. ഇപ്പോള്‍ സംസ്ഥാനത്ത് കശുമാവ് കൃഷി വ്യാപിപ്പിക്കാന്‍ 5.5 കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകായണ്. അതും നടക്കാത്ത പദ്ധതിയാണ്.

കയര്‍ മേഖലയില്‍ 10,000 പേര്‍ക്ക് ജോലി നല്‍കുമെന്നാണ് പ്രഖ്യാപനം. പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളില്‍ കയര്‍മേഖലയില്‍ വന്‍ തിരിച്ചടിയെന്നാണ് ഇക്കണോമിക് സര്‍വ്വേയില്‍ പറയുന്നത്. ഓരോ ദിവസം ഓരോ യന്ത്രവത്കൃത കയര്‍ ഫാക്ടറി ആരംഭിക്കുമെന്ന് നൂറുദിന പരിപാടിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനെക്കുറിച്ചും ഇപ്പോള്‍ ഒന്നും പറയുന്നില്ല.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് രാജ്യത്തെ റാങ്കില്‍ ആദ്യത്തെ പത്തിനുള്ളില്‍ കൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനം. ഇടതു സര്‍ക്കാരിന് കീഴില്‍ 28 -ാം റാങ്കിലേക്കാണ് കേരളം പോയത്. നേരത്തെ യു.ഡി.എഫ് കാലത്ത്  21-ാം റാങ്കായിരുന്നു കേരളത്തിന്.

മംഗലാപുരം – കൊച്ചി വ്യവസായ ഇടനാഴിയെക്കുറിച്ച് നേരത്തെ നടത്തിയ വാചകമടി ഇത്തവണയും ആവര്‍ത്തിച്ചു. അതിന്റെ രൂപ രേഖ പോലും ആയിട്ടില്ല.

 മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് 5000 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പണം എവിടെനിന്ന് അറിയില്ല.

 

എല്ലാ വീട്ടിലും ഒരു ലാപ്ടോപ് നല്‍കുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പില്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്. നൂറുദിന പരിപാടിയില്‍ 5 ലക്ഷം ലാപ്ടോപ് നല്‍കുമെന്ന് പറഞ്ഞിരുന്നതാണ്. അത് നടക്കാതിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം.

 കിഫ്ബിയില്‍ 5 വര്‍ഷം കൊണ്ട് 60,000 കോടിയുടെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞു. ഇതുവരെ 6000 കോടിയുടെ പദ്ധതി മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ആകെ 10% വര്‍ക്ക് മാത്രം. എന്നിട്ടും 21-22 ല്‍ 15,000 കോടിയുടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പുതിയ തള്ള്.

 സില്‍വര്‍ലൈന്‍ പദ്ധതി ഈ വര്‍ഷം നടപ്പാക്കുമെന്നും ഭൂമി ഏറ്റെടുക്കുമെന്നും ധനകാര്യമന്ത്രി പറയുന്നു. പക്ഷേ കേന്ദ്ര ധനകാര്യവകുപ്പ് ഉപേക്ഷിച്ച പദ്ധതിയാണിത്. പരിസ്ഥിതി അനുമതി ലഭിച്ചിട്ടുമില്ല.  പിന്നെ എങ്ങിനെ നടപ്പാക്കും?

 ജനങ്ങളെ കബളിപ്പിക്കുന്നതിനും വോട്ടു തട്ടുന്നതിനും ഭാവനയില്‍ മെനഞ്ഞെടുത്ത ബഡ്ജറ്റാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top