Breaking News

ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ച് കയറി;വെടിവയ്പ്;മരണം

വാഷിംഗ്ടൺ:അമേരിക്കൻ പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികൾ. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് ട്രമ്പ് അനുകൂലികൾ പാർലമെന്റിലേക്ക് ഇരച്ച് കയറിയത്. ക്യാപിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്ന ട്രംപ് അനുകൂലികൾ അക്രമാസക്തരായി.

ക്യാപിറ്റോൾ മന്ദിരത്തിന് ഉള്ളിൽ ഒരു സ്ത്രീ വെടിയേറ്റുമരിച്ചു. അഞ്ചു പേർ പരിക്കേറ്റ് ചികിത്സയിലാണ്. മന്ദിരത്തിനു സമീപത്തുനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്.

സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാർ കടന്നു. തുടർന്ന് ഇരുസഭകളും അടിയന്തരമായി നിർത്തിവെച്ചു. അമേരിക്കൻ കോൺഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. പാർലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.

പൊലീസുമായി ഏറ്റുമുട്ടിയ ട്രംപ് അനുകൂലികൾ ബാരിക്കേഡുകൾ തകർത്താണ് അകത്തു കയറിയത്. പാർലമെന്റ് കവാടങ്ങൾ പോലീസ് അടച്ചുപൂട്ടിയെങ്കിലും ട്രമ്പ് അനുകൂലികൾ അതിനെ മറികടന്നു. കലാപം സൃഷ്ടിക്കാനുള്ള ശ്രമം എന്നാണ് നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ആവർത്തിക്കുകയായിരുന്നു ട്രംപ്. എന്നാൽ പ്രതിഷേധക്കാരോട് സമാധാനം പാലിക്കാനും മടങ്ങി പോകാനും അഭ്യർത്ഥിച്ചു. പ്രതിഷേധ സ്വരങ്ങളെ മൂടിവയ്ക്കാൻ ആർക്കും കഴിയില്ലെന്നും പറഞ്ഞു.

 

ബൈഡന്റെ വിജയം കോൺഗ്രസ് സമ്മേളനത്തിൽ അംഗീകരിക്കരുതെന്ന ട്രമ്പിന്റെ അഭ്യർത്ഥന നേരത്തെ വൈസ് പ്രസിഡണ്ടും റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.

ഇതേതുടർന്ന് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്ററും ഫേസ്ബുക്കും. അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചതായി ട്വിറ്റർ വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് ട്രംപ് നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശങ്ങളാണ് പാർലമെന്റ് മന്ദിരം ആക്രമിക്കപ്പെടാൻ കാരണമെന്നാണ് സൂചന.

മൂന്നു ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് ട്വിറ്റർ ട്രമ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ നീക്കം ചെയ്തില്ലെങ്കിൽ വിലക്ക് തുടരുമെന്ന് ട്വിറ്റർ വ്യക്തമാക്കി. 24 മണിക്കൂറാണ് ഫേസ്ബുക്ക് വിലക്ക്. തന്റെ അനുകൂലികളെ അഭിസംബോധന ചെയ്യുന്ന ട്രമ്പിന്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. യൂട്യൂബും ഈ വീഡിയോ നീക്കം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top