Ernakulam

ഇൻക്യുബേറ്റർ കുറഞ്ഞ ചിലവിൽ നിർമ്മിച്ച വിദ്യാർത്ഥി ലിബിന് ആദിശങ്കര ട്രസ്റ്റിന്റെ ആദരം;സൗജന്യ എൻജിനിയറിങ്ങ് പഠനവും ഫാബ് ലാബിൽ അഡ്മിഷനും

കാലടി: വിപണിയിൽ വലിയ വിലയ്ക്ക് ലഭ്യമാകുന്ന ഇൻക്യുബേറ്റർ കുറഞ്ഞ ചിലവിൽ നിർമ്മിച്ച വിദ്യാർത്ഥി ലിബിൻ മാർട്ടിന് ആദിശങ്കര ട്രസ്റ്റിന്റെ ആദരം. ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ സൗജന്യ എൻജിനിയറിങ്ങ് പഠനം വാഗ്ദാനം ചെയ്തിരിക്കുകയാണ് ട്രസ്റ്റ്. കൂടാതെ കേരള സ്റ്റാർട്ടപ്പ് മിഷൻ രണ്ടാം തവണയും മികച്ച ഫാബ് ലാബായി തിരഞ്ഞെടുത്ത ആദിശങ്കരയിലെ ഫാബ് ലാബിൽ ഇപ്പോൾ തന്നെ അഡ്മിഷൻ നൽകും. ലിബിന്റെ നൂതന ആശയങ്ങൾ വികസിപ്പിക്കാൻ ഫാബ് ലാബിന്റെ ചുമതലയുള്ള പ്രൊഫ: കെ.ബി അനുരൂപിന്റെ കീഴിൽ ഗവേഷണങ്ങൾ നടത്താം.

മലയാറ്റൂർ സെന്റ്: തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിബിൻ മാർട്ടിൻ. നിർദ്ധന കുടുംബമാണ് ലിബിന്റേത്. പനഞ്ചിക്കൽ മാർട്ടിൻ ലിസി ദമ്പതികളുടെ മകനാണ് ലിബിൻ. പിതാവ് കഴിഞ്ഞ വർഷം മരണമടഞ്ഞിരുന്നു.  ലിബിൻ വികസിപ്പിച്ച ഇൻക്യുബേറ്ററിനെക്കുറിച്ച് വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ആദിശങ്കര സൗജന്യ എൻജിനിയറിങ്ങ് പഠനം വാഗ്ദാനവുമായി എത്തിയത്. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദ്, ആദിശങ്കര ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ പ്രൊഫ: സി.പി ജയശങ്കർ എന്നിവർ സ്‌ക്കൂളിലെത്തി ലിബിന്റെ പഠനം എറ്റെടുക്കാമെന്ന സന്നദ്ധത അറിയിക്കുകയായിരുന്നു. ഹയർ സെക്കണ്ടറി പഠനത്തിന് ശേഷം ആദിശങ്കര എൻജിനിയറിങ്ങ് കോളേജിലെ ബിടെക്കിൽ ഏത് വിഷയം വേണമെങ്കിലും ലിബിന് തെരഞ്ഞെടുക്കാം. അത് പൂർണമായും സൗജന്യമായിരിക്കും. സമീപത്തുളള പലർക്കും ലിബിൻ ഇൻക്യുബേറ്റർ നിർമിച്ച് നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ചുമതല കൂടിയാണ് ഇൻകുബേറ്റർ വിൽപ്പനയിലൂടെ ലിബിൻ നിറവേറ്റുന്നത്. കോഴി, താറാവ്, കാട തുടങ്ങിയവയുടെ മുട്ടകൾ ഇൻകുബേറ്ററിലൂടെ വിരിയിച്ചെടുക്കാം. മാർക്കറ്റിൽ 10000 രൂപ വരെ ചിലവു വരുന്ന ഉപകരണം കേവലം 1000 മുതൽ 2000രൂപ വരെ (വലിപ്പം അനുസരിച്ച് ) രൂപയ്ക്കാണ് ലിബിൻ നിർമ്മിച്ചു നൽകുന്നത്. ലിയ, ലിന്റ, ലിന്റോ എന്നിവർ സഹോദരങ്ങളാണ്. സ്‌കൂളിലെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്‌സിലെ അംഗമാണ് ലിബിൻ. ലിബിന്റെ കഴിവ് അംഗീകരിക്കേണ്ടതാണെന്നും, അതുകൊണ്ടാണ് ലിബിന്റെ പഠന ചുമതല ഏറ്റെടുക്കുന്നതെന്നും കെ. ആനന്ദ് പറഞ്ഞു. സ്‌ക്കൂളിൽ അനുമോദന യോഗവും നടന്നു. കെ ആനന്ദ്, ലത ആനന്ദ്, പ്രൊഫ: സി.പി ജയശങ്കർ, കോളേജ് പ്രിൻസിപ്പാൾ ഡോ. സുരേഷ് കുമാർ, ഫാബ് ലാബ് ഇൻ ചാർജ് പ്രൊഫ: കെ.ബി അനുരൂപ്, സ്‌കൂൾ പ്രിൻസിപ്പാൾ ഡോ: സി.എ ബിജോയ്, ഹെഡ്മിസ്ട്രസ് മേരി ഉറുമീസ്, പി.ടി.എ പ്രസിഡന്റ് ജോസഫ് മാളിയേക്കപ്പടി തുടങ്ങിയവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top