COA

ഗ്രീൻകാർഡിന്റെ പേരിൽ ഒരു രൂപ പോലും വരിക്കാരിൽ നിന്ന് ഈടാക്കിയിട്ടില്ല;സാമ്പത്തിക ഇടപാട് നടന്നുവെന്നത്‌ വ്യാജ പ്രചരണമെന്ന് സിഒഎ

കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയിരുന്ന ഗ്രീൻകാർഡ് പദ്ധതിയുടെ ഭാഗമായി കേബിൾ ടിവി ഉപഭോക്താക്കളിൽ നിന്നും പണം വാങ്ങി അവരെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഓൺലൈൻ മാധ്യമങ്ങളിലൂടെ നിരന്തരം വ്യാജ വാർത്തകൾ പ്രചരിക്കുകയാണ്. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് നിരന്തരമായി ഇങ്ങനെ പ്രചരിപ്പിക്കുന്നത്. ഗ്രീൻ കാർഡ് പദ്ധതിയുടെ പേരിൽ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അംഗങ്ങളായ കേരളത്തിലെ ഒരു കേബിൾ ടിവി ഓപ്പറേറ്റർമാരും ഒരു രൂപ പോലും ഉപഭോക്താക്കളിൽനിന്ന് പിരിച്ചെടുക്കുക ഉണ്ടായിട്ടില്ലെന്ന് സിഒഎ ജനറൽ സെക്രട്ടറി കെ വി രാജൻ അറിയിച്ചു. ഓപ്പറേറ്റർമാർ തികച്ചും സൗജന്യമായാണ് ഗ്രീൻകാർഡ് ഉപഭോക്താക്കൾക്ക് നൽകിയിട്ടുള്ളത്. നല്ല രീതിയിൽ ഉപഭോക്താക്കൾ ഈ പദ്ധതി പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. കാലാനുസൃതമായി ഗ്രീൻകാർഡ് പദ്ധതി ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റണമെന്ന സംഘടനാവശ്യപ്രകാരം പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കുകയും കാലാനുസൃതമായി ഡിജിറ്റൽവൽക്കരണ പരിപാടിയുമായി മുന്നോട്ടുപോവുകയും ആണ്. എന്നാൽ കോവിഡ്19ന്റെ പൊതുസാഹചര്യത്തിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മാർക്കറ്റിങ് രംഗത്തെ പ്രതികൂലാവസ്ഥ കാരണം പ്രവർത്തനതലത്തിൽ കൊണ്ടുവരാൻ കുറേക്കൂടി കാലതാമസം സ്വാഭാവികമായും ഉണ്ടായിട്ടുണ്ട്. ആയതിനാൽ ഇത് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള പ്രസ്ഥാനങ്ങളെ ബോധപൂർവ്വം കരിവാരിത്തേയ്‌ക്കാൻ ഉള്ള ചില ശത്രുക്കളുടെ അപവാദപ്രചാരണം മാത്രമാണെന്നും യാതൊരു സാമ്പത്തിക ഇടപാടുകളും ഈ പദ്ധതിയുമായി ബന്ധപ്പെട്ട്‌ കേരളവിഷൻ വരിക്കാരുമായി ഉണ്ടായിട്ടില്ലെന്നും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് വേണ്ടി ജനറൽ സെക്രട്ടറി പറഞ്ഞു. കോർപ്പറേറ്റ് കുത്തകകൾക്കെതിരെ ജനകീയ ബദൽ എന്ന രീതിയിൽ നിലനിൽക്കുന്ന കേരള വിഷനെ തകർക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഉള്ള വ്യാജ പ്രചരണം. കോർപ്പറേറ്റ് സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി നടത്തുന്ന ഈ വ്യാജ പ്രചരണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും അവരുടെ താൽപര്യങ്ങളെയും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന നിക്ഷിപ്ത താൽപര്യക്കാർക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് സിഒഎയുടെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top