കണ്ണൂർ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർകോട് ഉപ്പള ഹിദായത്ത് നഗർ സ്വദേശി നഫീസ(74) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം.
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു നഫീസ. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 39 ആയി.
കാസർകോട് ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് നഫീസയുടേത്. ഒരാഴ്ച മുമ്പ് നഫീസയ്ക്ക് രോഗം സ്ഥിരീകരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള അവശതകളാണ് സ്ഥിതി ഗുരുതരമാകാൻ കാരണം. പരിയാരം മെഡിക്കൽ കോളജിലെ വെൻറിലേറ്ററിലേക്ക് മാറ്റിയ നഫീസ വെള്ളിയാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.
ഇവരുടെ രോഗത്തിൻ്റെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്തുണ്ടായിരുന്ന മകൻ തിരിച്ചു വന്നു എങ്കിലും പരിശോധനകളിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു.
നഫീസയ്ക്ക് രോഗം സ്ഥിരീകരിച്ച ശേഷം നടത്തിയ പരിശോധനയിൽ കുടുംബത്തിലെ 7 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.