പെരുമ്പാവൂര്‍: ബാങ്കിന്റെ ചില്ലുവാതിലില്‍ കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബാങ്കിന്റെ ചില്ലുവാതിലില്‍ ശക്തമായി ഇടിച്ചതിന് തുടര്‍ന്ന് വാതില്‍ തകര്‍ന്ന് വീട്ടമ്മയുടെ വയറ്റില്‍ തുളച്ച് കയറുകയായിരുന്നു. ചേരാനല്ലൂര്‍ സ്വദേശി ബീന (45) യാണ് മരിച്ചത്. പെരുമ്പാവൂര്‍ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലാണ് സംഭവം.
ഉച്ചയോടെ ബാങ്കിലെത്തിയ ബീന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങിയ ശേഷം മറന്നുവെച്ച താക്കോല്‍ എടുക്കുന്നതിനായി തിരികെ കയറി. താക്കോല്‍ എടുത്തതിന് ശേഷം വേഗത്തില്‍ പുറത്തേക്ക് കടക്കുന്നതിനിടെ ശക്തിയായി ചില്ലുവാതിലില്‍ ഇടിക്കുകയും ചില്ല് വയറിനുള്ളിലേക്ക് തുളച്ചു കയറുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വീണ ബീന കൈകുത്തി എഴുന്നേറ്റ് നിന്നപ്പോഴേക്കും ബാങ്കിലുണ്ടായിരുന്നവര്‍ ഓടിയെത്തിയെങ്കിലും ദേഹമാകെ ചില്ല് തുളച്ച് കയറിയിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.