Kerala

ഒരു ക്ലാസില്‍ 20 വിദ്യാര്‍ത്ഥികള്‍, സ്‌കൂളും പരിസരവും അണുമുക്തമാക്കണം; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഒരു മുറിയില്‍ ഇരിക്കാവുന്ന പരമാവധി വിദ്യാര്‍ഥികളുടെ എണ്ണം 20 ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും പരീക്ഷ ഹാളിലെ ഫര്‍ണിച്ചര്‍ അണുവിമുക്തമാക്കും.

വിദ്യാലയത്തിന്റെ പ്രധാന പ്രവേശന കവാടത്തില്‍ കൂടി മാത്രമേ പ്രവേശനം അനുവദിക്കൂ. എസ്‌എസ്‌എല്‍സിക്ക് 4.5 ലക്ഷവും ഹയര്‍സെക്കന്‍ഡറിയില്‍ 9 ലക്ഷവും ഉള്‍പ്പെടെ 13.5 ലക്ഷം വിദ്യാര്‍ഥികളാണ് മേയ് 26 മുതല്‍ 30വരെ പരീക്ഷ എഴുതുന്നത്.

സ്‌കൂളുകള്‍ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്നതിനാല്‍ 25ന് മുന്‍പ് പരീക്ഷ ഹാളുകള്‍, ഫര്‍ണിച്ചറുകള്‍, സ്‌കൂള്‍ പരിസരം എന്നിവ ശുചിയാക്കണമെന്ന് പരീക്ഷ നടത്തിപ്പിനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ആരോഗ്യവകുപ്പ്, പിടിഎ, സന്നദ്ധസംഘടനകള്‍, ഫയര്‍ഫോഴ്‌സ്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തണം.

സാമൂഹിക അകലം പാലിക്കുന്നതിനായി പരമാവധി ഹയര്‍സെക്കന്‍ഡറി ക്ലാസ് മുറികള്‍ പരീക്ഷയ്ക്കായി ഉപയോഗിക്കണം. പരീക്ഷയ്ക്ക് മുന്‍പും ശേഷവും വിദ്യാര്‍ഥികളെ കൂട്ടംചേരാന്‍ അനുവദിക്കരുത്. വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് ലഭ്യമാക്കി ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണം. സാനിറ്റൈസറിന്റെയും സോപ്പിന്റെയും തുക പരീക്ഷാ ഫണ്ട്-സ്‌പെഷല്‍ ഫീ അക്കൗണ്ടില്‍നിന്ന് ഉപയോഗിക്കാം.

ഗതാഗത സൗകര്യം ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പ്രധാന അധ്യാപകന്‍ ഉറപ്പാക്കണം. ഇതിനായി സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്‌കൂള്‍ ബസുകള്‍, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കാം. തദ്ദേശസ്ഥാപനങ്ങളുടേയും പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകളുടേയും സഹായം തേടാം. സമീപത്തുള്ള വിദ്യാലയങ്ങളിലെ ബസുകളും ഉപയോഗിക്കാം. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. ആവശ്യമെങ്കില്‍ ബസുകള്‍ വാടകയ്ക്ക് എടുക്കാം.

പരീക്ഷ കേന്ദ്രമാറ്റത്തിന്റെ ഭാഗമായി ഓരോ വിദ്യാലയത്തില്‍നിന്നും എത്രപേര്‍ അപേക്ഷിച്ചിട്ടുണ്ടെന്നും മറ്റു ജില്ലകളില്‍നിന്ന് എത്രപേര്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ചീഫ് സൂപ്രണ്ടുമാരെ അറിയിക്കും. ഇതിനനുസരിച്ച്‌ സൗകര്യം ഏര്‍പ്പെടുത്തണം. പരീക്ഷാ ജോലിക്കു ചുമതലപ്പെടുത്തിയ എല്ലാ അധ്യാപകരും നിര്‍ബന്ധമായും ജോലിക്കു ഹാജരാകണം.

ചോദ്യപേപ്പറുകളുടെ സുരക്ഷ ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പാക്കണം. കോവിഡ് സെന്ററുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ അധികാരികളുടെ അനുമതി വാങ്ങി പരീക്ഷയ്ക്ക് സജ്ജമാക്കണം. വിദ്യാലയങ്ങള്‍ വിട്ടുകിട്ടിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണം. ഈ വിവരം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും 24ന് മുന്‍പ് അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top