Uncategorized

8 മേഖലകളിൽ ഘടനാപരമായ പരിഷ്കരണവും സ്വകാര്യവൽക്കരണവും

ന്യുഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊണ്ടുവന്ന 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് രണ്ടാം സാമ്ബത്തിക പാക്കേജിന്റെ നാലാം ഘട്ടത്തില്‍ വിപണിയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മൂന്‍തൂക്കം നല്‍കുന്നത്. എട്ട് മേഖലകളിലെ പരിഷ്‌കരണ പദ്ധതികളാണ് ഈ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. എല്ലാ മേഖലകളിലും വളര്‍ച്ചയും തൊഴില്‍ വര്‍ധനവും സ്വയം പര്യാപ്ത കൈവരിക്കുകയാണ് ലക്ഷ്യം.

കല്‍ക്കരി, ധാതു ഖനനം, പ്രതിരോധം, വ്യോമയാനം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വൈദ്യുതി കമ്ബനികള്‍, ഊര്‍ജം, ബഹിരാകാശം, ആണവോര്‍ജം എന്നീ മേഖലയിലെ ഘടനാപരമായ പരിഷ്‌കരണ പദ്ധതികളാണ് ഈ ഘട്ടത്തില്‍ പ്രഖ്യാപിക്കുന്നത്. പരിഷ്‌കാരം വഴി കൂടുതല്‍ നിക്ഷേപം സ്വീകരിക്കും.

നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കും. നിക്ഷേപ മേഖലയില്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ മന്ത്രാലയങ്ങളില്‍ പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കും. 2020-21 മുതല്‍ എല്ലാ വ്യാവസായിക പാര്‍ക്കുകള്‍ക്കും റാങ്കിംഗ് കൊണ്ടുവരും. വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഏര്‍പ്പെടുത്തും.

കല്‍ക്കരി , അലുമിനിയം മേഖലയില്‍ സര്‍ക്കാരിന്റെ കുത്തക അവസാനിപ്പിക്കുന്നു. കല്‍ക്കരി, ധാതു മേഖലയില്‍ ലേലം കൊണ്ടുവരും. 50 കല്‍ക്കരി പാടങ്ങള്‍ ഉടന്‍ തുറക്കും. യോഗ്യ മാനദണ്ഡമില്ലാതെ ലേലത്തില്‍ ആര്‍ക്കും പങ്കെടുക്കാം. കല്‍ക്കരി പാടങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തില്‍ 50,000 കോടി രൂപ അനുവദിക്കും.

500 ധാതു ബ്ലോക്കുകളുടെ സംയുക്ത ലേലം നടത്തും. ഖനനത്തിനുള്ള പാട് അവകാശ കൈമാറ്റം നടത്തും. ഖനനത്തിനും സംസ്‌കാരത്തിനും ഒറ്റ ലൈസന്‍സ് മതിയാവും. വരുമാനം പങ്കിടുന്ന രീതിയിലായിരിക്കും പുതിയ നയം.

വ്യോമയാന മേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കും. മേഖലയില്‍ മൂന്നു വിധത്തിലുള്ള പരിഷ്‌കാരങ്ങളാണ് കൊണ്ടുവരുന്നത്. ആറ് വിമാനത്താവളങ്ങള്‍ കൂടി ലേലത്തിന്. വ്യോമപാതങ്ങള്‍ പുനഃക്രമീകരിക്കും. ഇന്ധന ചെലവും യാത്രാ സമയവും കുറയ്ക്കും. വ്യോമമേഖലയിലെ അറ്റകുറ്റപ്പണികളുടെ ഹബ് ആക്കി ഇന്ത്യയെ മാറ്റും. വ്യോമയാന മേഖലയില്‍ 13,000 കോടിരൂപയുടെ നിക്ഷേപമുണ്ടാകും. കൂടുതല്‍ വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. വ്യോമയാന മേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കൂം. കൂടുതല്‍ ആകാശ പാതകള്‍ തുറന്നുകൊടുക്കും.

പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനത്തിനിന്നും 74 ശതമാനമായി ഉയര്‍ത്തും. മേക്ക് ഇന്‍ ഇന്ത്യ പ്രതിരോധ മേഖലയില്‍ നടപ്പാക്കും. ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്ന ആയുധങ്ങളെ ഇറക്കുമതി പട്ടികയില്‍ നിയന്ത്രണം കൊണ്ടുവരും. ഇന്ത്യയില്‍ നിന്നു മാത്രം വാങ്ങാന്‍ കഴിയുന്ന ആയുധങ്ങളുടെ പട്ടിക തയ്യാറാക്കും. ആയുധശാലകള്‍ കോര്‍പറേറ്റ് വത്കരിക്കും. ആയുധ നിര്‍മ്മാണ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം.

കേന്ദ്ര ഭരണ പ്രദേശങ്ങളുടെ വൈദ്യുതി കമ്ബനികള്‍ സ്വകാര്യവത്കരിക്കും. വൈദ്യുതി താരിഫ് മറ്റ് സംസ്ഥാനങ്ങളിലേതിന് തുല്യമാക്കും.

സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയ്ക്കുള്ള വയബലിറ്റി ഗ്യാപ് ഫണ്ട്് 30% ഉയര്‍ത്തി 8100 കോടിയാക്കും.

ഐഎസ്‌ആര്‍ഒയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ചില നിയന്ത്രണങ്ങളോടെ സ്വകാര്യ കമ്ബനികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കും. ബഹിരാകാശ ദൗത്യങ്ങളില്‍ സ്വകാര്യ പങ്കാളിത്തം നല്‍കും. ബഹിരാകാശ യാത്രകളില്‍ ഇന്ത്യയുടെ സ്വകാര്യ മേഖലയെ സഹയാത്രികരാക്കുകയാണ്. സാറ്റലൈറ്റ് ലോഞ്ചിംഗ്, മറ്റ് ബഹിരാകാശ സര്‍വീസുകള്‍ക്ക് സഹകരണം ഉണ്ടാകും.

ആണവോര്‍ജ മേഖലയില്‍ ഗവേഷണ റിയാക്ടര്‍ പിപിഐ മാതൃകയില്‍ ഉണ്ടാക്കും. കാന്‍സര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന ഐസോടോപ്പുകളുടെ നിര്‍മ്മാണം അടക്കമുള്ളവയ്ക്ക് മുന്‍തൂക്കം. ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ സമയം സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഗവേഷകര്‍ക്കും ഈ മേഖലയിലെ സംരംഭകരെ കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് പദ്ധതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top