ജയ്പൂര്‍: കാമുകിയായ പതിനാലുകാരിയോടൊപ്പം ടിക് ടോക് വീഡിയോ ചിത്രീകരിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി നടത്തി ക്രൂരമായി മര്‍ദ്ദിച്ചു. ഇരുവരും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ആക്രമണം. രണ്ട് കുടുംബത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച ജയ്പൂരിലാണ് സംഭവം.
വീഡിയോ കണ്ടതിന് ശേഷം സഹോദരന് ആദ്യം പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ആണ്‍കുട്ടിയോട് പ്രതികാരം ചെയ്യാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനിച്ചു. പെണ്‍കുട്ടിയുടെ പിതാവ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി നടത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. തുടര്‍ന്ന് നഗ്നനാക്കി നടത്തി വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് ആണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്കി. പെണ്‍കുട്ടിയുടെ കുടുംബവും പരാതി നല്കി.