കൊല്‍ക്കത്ത: ടിക് ടോക്കില്‍ വീഡിയോ ചെയ്യുന്നതിനിടെ കൗമാരക്കാരന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ പിര്‍ഗഞ്ചിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ എടുക്കുന്നതിനിടെയായിരുന്നു കരീം ഷെയ്ഖ് എന്ന പതിനാറുകാരന് മരണപ്പെട്ടത്.
കരീമിനെ ഇലക്ട്രിക് പോസ്റ്റില്‍ ബന്ധിച്ച ശേഷം മുഖം പ്ലാസ്റ്റിക് ഉപയോഗിച്ച് മൂടിക്കെട്ടിയിരുന്നു. ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടുന്നത് ചിത്രീകരിക്കുന്ന ടിക് ടോക്ക് വീഡിയോ ചെയ്യാനാണ് ഇവര്‍ ശ്രമിച്ചത്. എന്നാല്‍ വീഡിയോ ചിത്രീകരിക്കുന്നത് 10 മിനിട്ടോളം നീണ്ടതോടെ കരീം ശ്വാസം മുട്ടി മരിക്കുകയായിരുന്നു. കരീം മരണപ്പെട്ടതോടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഒടി രക്ഷപ്പെട്ടു.
പ്രദേശവാസികളാണ് കരീമിനെ ബോധമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് കരീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ടിക് ടോക്ക് വീഡിയോ ചെയ്യുന്നതില്‍ അതീവ തത്പരനായിരുന്നു കരീം എന്ന് ബന്ധുക്കള്‍ പറയുന്നു. കരീമിന്റെ സുഹൃത്തുക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.